കോഴിക്കോട് : ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുക. ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ഇതുമൂലം ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകുന്ന ഈ മരുന്നിന്റെ ഫലം ലഭിക്കുക. എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതൽ തിരഞ്ഞെടുത്ത രോഗികളിൽ നൽകി വരുന്നുണ്ട്. കഴിഞ്ഞ 3 വർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും മരുന്ന് നൽകുവാൻ തീരുമാനിച്ചിട്ടുള്ളത്.
അതെ സമയം, വിലകൂടിയ ഹീമോഫീലിയ മരുന്നുകളുടെ ചെറിയ അളവിലുള്ള മരുന്നുകൾ നൽകിയിരുന്ന കമ്പനികൾ നിർമാണം നിർത്തിവെച്ചിരിക്കുന്നത് മുതിർന്ന രോഗികളുടെ ചികിത്സാ കാര്യത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് മരുന്നിന്റെ ദൗർലഭ്യത്തിനും വർദ്ധനവിനും കാരണമാകുന്നു. അതുമൂലം ജില്ലാ കേന്ദ്രങ്ങളിൽ മാത്രം മരുന്ന് സൂക്ഷിക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ 108 ആമ്പുലൻസിൻ്റെ സേവനത്തിലൂടെ മറ്റ് ഇടങ്ങളിൽ എത്തിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം മറ്റ് സംസ്ഥനങ്ങളിൽ നിന്നും മരുന്ന് സംഘടിപ്പിക്കാൻ ഗവൺമെൻ്റ് ശ്രമിക്കുന്നുണ്ട്. വിലകുറഞ്ഞ അത്തരം മരുന്നുകളുണ്ട് ഗുണമേന്മയിൽ ആശങ്കയുള്ളതിനാൽ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലന്ന തീരുമാനത്തിലാണ് ഹീമോഫീലിയ രോഗികളുടെ കൂട്ടായ്‌മ. പരമാവധി രണ്ടാഴ്ചക്കകം ഇതിന് പരിഹാരം കണ്ടെത്താമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നല്കിയൊട്ടുണ്ടെന്നും അതുവരെ ജാഗ്രത പാലിക്കണമെന്നും ഹീമോഫീലിയ കോർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.