ബംഗളൂരു: നോർത്ത് കന്നഡ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ ശ്രമവും എങ്ങുമെത്താതെ നിർത്തി. ശക്തമായ മഴയും അടിയൊഴുക്കും കാരണം മുങ്ങൽ വിദഗ്തർക്ക് പുഴയിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
ഇതിനിടെ ലോറിയുടേതെന്ന് സംശയിക്കപ്പെടുന്ന പുതുതായി ഒരു സിഗ്നൽ കൂടി ലഭിച്ചതായി ദൗത്യസംഘം അറിയിച്ചു. അപകട സ്ഥലത്തുനിന്നും 60 മീറ്ററിലേറെ ദൂരത്ത് പുഴയുടെ മധ്യത്തിലുള്ള പാറകളടങ്ങിയ മൺകൂനക്ക് സമീപമാണ് സിഗ്നൽ ലഭിച്ചത്.
ഡ്രോൺ പരിശോധനയിലാണ് പുതിയ സിഗ്നൽ ലഭിച്ചിരിക്കുന്നത്. നേരത്തെ പുഴയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ലോറിയുടേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ മൊബൈൽ ടവറിന്റെയും സിഗ്നലുകളാകാമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിഗമനം.
രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിൽ നിന്നും മന്ത്രിമാരായ മന്ത്രി മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും സ്ഥലത്തെത്തി അധികൃതരുമായി ചർച്ച നടത്തി. ഐബോഡ് സംഘം ലോറി യുടെ കൃത്യമായ ചിത്രം നൽകിയെന്നും എന്നാൽ ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്നും സതീഷ് സെയിൽ എംഎൽഎ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ നാവികർക്ക് പുഴയിൽ ഇറങ്ങാൻ ബുദ്ധിമുട്ടുണ്ട്. കനത്ത മഴയും അടിയൊഴുക്കും നാവികർ നേരിടുന്ന വെല്ലുവിളിയാണ്. ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ടുവരാൻ പ്രയാസമുണ്ട്. ഫ്ലോട്ടിംഗ് പൊൻടൂൻ രീതി അവലംബിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി പുഴയിൽ ഇറങ്ങാനാണ് ഫ്ലോട്ടിംഗ് പൊൻടൂൺ. ഈ പൊൻടൂൻ പാലം വെള്ളത്തിൽ ഉറപ്പിച്ച് നിർത്താനുള്ള മാർഗങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും എം എൽ എ അറിയിച്ചു.