25.2 C
Saudi Arabia
Friday, October 10, 2025
spot_img

കടലുണ്ടിക്കടവ് പാലത്തിൽ വീണ്ടും വിള്ളൽ

കടലുണ്ടി : കടലുണ്ടി കടവ് പാലത്തിന്റെ തൂണിലും സ്പാനിലും വിള്ളൽ വീണ് അപകടവസ്ഥയിൽ. 2008ൽ ഗതാഗതത്തിന് തുറന്ന് കൊടുത്ത, തീരദേശ പാതയിലെ പ്രധാന പാലത്തിൽ ഇത് രണ്ടാം തവണയാണ് വിള്ളലുകൾ കാണുന്നത്.

കടലുണ്ടി ഭാഗത്തെ രണ്ടാം സ്പാനിന്റെ താഴെയാണ് വിള്ളൽ. 2021 ലും ഇതേ സ്ഥലത്ത് വിള്ളലുകൾ കണ്ടെത്തിയിരുന്നു. അന്ന് ബലപെടുത്തിയ സിമന്റ് തേപ്പ് അടർന്നു ഇരുമ്പ് കമ്പികൾ തുരുമ്പെടുത്തു ദ്രവിച്ചിട്ടുണ്ട്. കൂടുതൽ ഭാഗം അടർന്നു വീഴുമെന്ന നിലയാണ്.

നേരത്തെ പാലത്തിൽ വിള്ളൽ കാണപ്പെട്ടപ്പോൾ മരാമത്ത് ബ്രിജസ് വിഭാഗം വിദഗ്ധ പഠനത്തിനു കെഎച്ച്ആർഐയെ(കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്) സമീപിച്ചിരുന്നു. അവർ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ബീമിന്റെ സിമന്റ് തേപ്പ് അടർന്ന ഭാഗം പൊട്ടിച്ചെടുത്തു സ്റ്റീൽ നെറ്റ് വിരിച്ചു കോൺക്രീറ്റ് ചെയ്തിരുന്നു. ഇതടക്കം അടർന്ന് വീണാണ് പുതിയ വിള്ളൽ കണ്ടെത്തിയത്.

വിള്ളൽ എത്രത്തോളം ആഴത്തിൽ ബാധിച്ചിട്ടുണ്ട് എന്നു കണ്ടെത്താൻ വീണ്ടും വിദഗ്ധ പരിശോധന വേണ്ടി വരും.

അഴിമുഖത്തു നിന്നുള്ള ശക്തമായ തിരയടിയേറ്റ് പാലം സദാസമയവും നനയുന്നതും തീരത്തെ ഉപ്പു കാറ്റ് ഏറ്റുമാണു പെട്ടെന്നു ബലക്ഷയം നേരിടുന്നത്. ശാസ്ത്രീയ പഠനം നടത്താതെയും ഗുണനിലവാരം ഉറപ്പ്‌ വരുത്താതെയുമാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് എന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു.

16 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച പാലത്തിനു 14 സ്പാനുകളുണ്ട്. 350 മീറ്ററാണു നീളം.

Related Articles

- Advertisement -spot_img

Latest Articles