ന്യൂദൽഹി: സംസാരിക്കുന്നതിനിടയിൽ മൈക്ക് ഓഫ് ചെയ്തതിനെ തുടർന്ന് നീതി ആയോഗ് യോഗത്തിൽ നിന്നും മമത ബാനർജി ഇറങ്ങിപ്പോയി. യോഗത്തിൽ അഞ്ച് മിനിറ്റ് മാത്രമാണ് തന്നെ സംസാരിക്കാൻ അനുവദിച്ചതെന്ന് മമത പ്രതികരിച്ചു.
കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളെയും ഒരേ രീതിയിൽ കാണണമെന്ന് ഞാൻ യോഗത്തിൽ പറഞ്ഞു. കൂടുതൽ കാര്യവിഷയങ്ങൾ സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, അഞ്ച് മിനിറ്റ് സമയം മാത്രമാണ് എന്നെ സംസാരിക്കാൻ അനുവദിച്ചത്. അതിനിടയിൽ മൈക്ക് ഓഫ് ചെയ്തു.
ഞാൻ മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് യോഗത്തിൽ പങ്കെടുത്തത്. എന്നിട്ട് പോലും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്നും മമത പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മാത്രമുള്ള സംവിധാനമായി നീതി ആയോഗ് മാറിയെന്നും ഇത് പിരിച്ചുവിടണമെന്നും മമത വിമർശിച്ചു. പകരം പഴയ ആസൂത്രണ കമ്മീഷൻ തിരിച്ച് കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു.
ബജറ്റിലെ വിവേചനത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണിയുടെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുഖ്യമന്ത്രി പിണറായി വിജയൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുത്ത് പ്രതിപക്ഷ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന വിവേചനം തുറന്നു പറയുമെന്നായിരുന്നു മമതയുടെ നിലപാട്.



