റിയാദ്: അഞ്ചുവർഷത്തിന് ശേഷം ആദ്യമായി നാട്ടിലേക്ക് പോകാൻ പെട്ടികെട്ടിവെച്ച് രാത്രി ഉറങ്ങാൻ കിടന്ന യുവാവ് മരിച്ചു. മലപ്പുറം തിരൂർ കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് യാത്രതിരിക്കുന്നത് മണിക്കൂറുകൾക്ക് മുമ്പ് റിയാദിൽ മരിച്ചത്.
റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴിന് കോഴിക്കോട്ടെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് പോകേണ്ടിയിരുന്നത്. യാത്രക്കുള്ള ഒരുക്കമെല്ലാം പൂർത്തിയാക്കിയിരുന്നു.
മക്കൾക്കുള്ള ചോക്ലേറ്റും വീട്ടുകാർക്കും ബന്ധക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനങ്ങളുമെലാം വാങ്ങി പെട്ടി കെട്ടിവെച്ച് ഉറങ്ങാൻ കിടന്നതാണ്. പിറ്റേന്ന് രാവിലെ ഏറെ വൈകിയിട്ടും വിവരങ്ങളൊന്നും ഇല്ലാഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ റൂമിലെത്തി വിളിച്ചുനോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടനെ സ്‌പോൺസറെ അറിയിക്കുകയും അദ്ദേഹമെത്തി പൊലീസിനെ അറിയിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഭാര്യ മുംതാസ്. മക്കൾ: റിഷ, സഹ്‌റാൻ, ദർവീഷ് ഖാൻ.
റിയാദ് ശുമൈസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി 11.55 ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ടുപോകും.