റിയാദ് : പ്രവാസത്തിന്റെ ഓർമ്മകൾക്ക് നിറം പകരാൻ റിയാദുകാർ നാളെ കടവിൽ സംഗമിക്കും. ആഗസ്ത് 17ന് നടക്കുന്ന റിയാദ് ഡയറസ്‌പോറയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിയാദുകാർ കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലെത്തും. റിയാദുകാർ എന്ന ഒറ്റ നാമത്തിലാണ് നാളത്തെ സംഗമം. പ്രവാസത്തിന്റെ നോവും നൊമ്പരവും തലമുറക്ക് കൈമാറി നാടണഞ്ഞവരും റിയാദിൽ പ്രവാസ ജീവിതം തുടരുന്നവരും നാളെ കടവിൽ സംഗമിക്കും.
ഡയസ്‌പോറയിൽ സംബന്ധിക്കുന്നവർക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കാലത്ത് 10ന് നടക്കുന്ന ഉദ്ഘാടനസെഷനിൽ ഡോ. എംപി അബ്ദുല്‍ സമദ് സമദാനി എംപി മുഖ്യാതിഥിയായിരിക്കും. റിയാദ് ഡയസ്‌പോറ ലോഗോ പ്രകാശനം 11ന് അഡ്വ. ടി സിദ്ദീഖ് എംഎല്‍എ നിർവഹിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സെഷൻ പൊതുമരാമത്തു വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഡോ. എംകെ മുനീര്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 3.00 മുതല്‍ റാസ, ബീഗം നയിക്കുന്ന ഗസല്‍ വിരുന്നാണ് ഡയസ്‌പോറയുടെ പ്രധാന പരിപാടി. പ്രവാസം പോലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങൾ സമ്മാനിക്കുന്നതായിരിക്കും റിയാദ് ഡയസ്‌പോറയും