ന്യൂദൽഹി: നിയമനങ്ങൾ ലാറ്ററൽ എൻട്രി വഴി നടത്താനുള്ള മോദിസർക്കാർ നീക്കത്തിനെതിരെ രാഹുൽ ഗാന്ധി. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി, സ്റ്റീല്‍ മന്ത്രാലയങ്ങളിലേക്കാണ് ഇത്തരത്തിൽ നിയമനങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വഴിവിട്ട രീതിയിൽ നിയമനങ്ങൾ നടത്താനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്.
35 ഡയറക്ടര്‍മാര്‍, പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങി സുപ്രധാന തസ്തികകളിലേക്കാണ് സ്വകാര്യ മേഖലകളില്‍നിന്ന് ഉദ്യോഗാർഥികളെ നിയമിക്കാൻ കേന്ദ്രതീരുമാനം. യുപിഎസ്സിക്ക് പകരം ആര്‍എസ്എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഭരണഘടനക്കു നേരെയുള്ള അതിക്രമമാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സംവരണം തട്ടിയെടുക്കാനുള്ള സർക്കാരിന്റെ നീക്കമാണിതെന്നും സുപ്രധാനമായ തസ്തികകളിൽ നിന്നെല്ലാം പിന്നാക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുൽ ആരോപിച്ചു.
പ്രൈവറ്റ് മേഖലയിൽ നിന്നുള്ള വ്യക്തിയെ സെബിയുടെ ചെയർപേഴ്സൺ ആക്കിയത് ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ഐ എ എസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരന്റിയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.