ന്യൂഡല്‍ഹി: എതിർപ്പ് ശക്തമായതിനെ തുടർന്ന് ലാറ്ററൽ എൻട്രി വഴിയുള്ള നിയമനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനുള്ള പരസ്യം പിൻവലിക്കാൻ കേന്ദ്രം യുപിഎസ്സിക്ക് നിർദേശം നൽകി.
സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിനാണ് പരസ്യം പിൻവലിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനമെടുത്തതെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
കേന്ദ്ര ഗവണ്മെന്റിന്റെ 24 മന്ത്രാലയങ്ങളിലേക്കുള്ള 45 ഒഴിവുകളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം കൈകൊണ്ടത്. ഇത്തരം നിയമനങ്ങൾ യു പി എസ് സി മുഖേനയാണ് നടക്കേണ്ടത്.
ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്നോട്ട് പോയത്. കോൺഗ്രസ്സും പ്രതിപക്ഷവും ശക്തമായി തന്നെ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മന്ത്രിയും എൽജെപി നേതാവുമായ ചിരാഗ് പസ്വാനും നിതീഷ് കുമാറിന്റെ ജെഡിയുംകൂടി പ്രതിഷേധം അറിയിച്ചതോടെയാണ് കേന്ദ്രം തീരുമാനത്തിൽ നിന്നും പിൻവാങ്ങിയത്