മുംബൈ: രണ്ടാഴ്ച മുമ്പ് വാഹനാപകടത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലാണ് സംഭവം. തഹ്സിലിലെ മാലേവാഡിയിലാണ് പെൺകുട്ടി വാഹനമിടിച്ച് കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയതിനും തെളിവ് നശിപ്പിച്ചതിനും വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് അഞ്ചിനാണ് അപകടം നടക്കുന്നത്. അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവറും സഹായിയും പെൺകുട്ടിയുടെ മാതാപിതാക്കളും ചേർന്നാണ് മൃതദേഹം മറവ് ചെയ്തത്. ചത്തീസ്ഗഢിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ പെൺകുട്ടിയാണ് അപകടത്തിൽ പെട്ടത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ അറിയുന്നത്. തുടർന്ന് കോടതിയുടെ അനുമതിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു