ജിസാൻ : സൗദി അറേബ്യയിലെ റുബ് അൽ ഖാലി മരുഭൂമിയിൽ ഒറ്റപ്പെട്ട രണ്ടു പേർ നിർജ്ജലീകരണവും ക്ഷീണവും മൂലം മരണപ്പെട്ടു. മൂന്ന് വർഷമായി സൗദി അറേബ്യയിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന തെലുങ്കാനയിലെ കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാനും സഹപ്രവർത്തനായ സുഡാൻ സ്വദേശിയുമാണ് മരണപെട്ടത്.
ജിപിഎസ് സിഗ്നൽ തകരാറിലായതിനെ തുടർന്ന് വഴി തെറ്റിയതോടെയാണ് ഇരുവരും പ്രതിസന്ധിയിലായത്. മൊബൈൽ ഫോൺ ബാറ്ററി തീർന്നതിനാൽ സഹായത്തിനായി മറ്റുള്ളവരെ വിളിക്കാൻ കഴിയാതെ പോയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. വാഹനത്തിൽ ഇന്ധനം തീർന്നതിനാൽ ഒറ്റപ്പെട്ടുപോയ ഇരുവരും മരുഭൂമിയിലെ കൊടും ചൂടിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ വലഞ്ഞു. നാല് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ഷെഹ്‌സാദിൻ്റെയും കൂട്ടാളിയുടെയും മൃതദേഹങ്ങൾ മണൽത്തിട്ടയിൽ അവരുടെ വാഹനത്തിന് സമീപം കണ്ടെത്തിയത്.
650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നാണ് സൗദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന വിജനവും ശൂന്യവുമായ ഒരിടമാണ് റുബ് അൽ ഖാലി മരുഭൂമി.