റിയാദ്: രണ്ടാമത് ഹർഫ് അറബി ഭാഷാ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ സെപ്റ്റംബർ 15 ന് അവസാനിക്കുമെന്ന് കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് അറിയിച്ചു. സ്വദേശികളല്ലാത്ത അറബി ഭാഷാ പഠിതാക്കളെ ലക്ഷ്യമിട്ടുള്ള ഭാഷാ മത്സരമാണിത്. മത്സരാർഥികൾ സൗദി വിദ്യാഭ്യാസ സ്ഥാപനത്തിലെ സ്ഥിരം വിദ്യാർഥികളായിരിക്കണമെന്നും സൗദി റെസിഡൻസി ഹോൾഡർ ആയിരിക്കണം എന്നും നിബന്ധനയുണ്ട്. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ആദ്യ വിഭാഗത്തിൽ തുടക്കക്കാരെയും സെക്കൻഡറി സ്കൂൾ വിദ്യാർഥികളെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബിരുദ വിദ്യാർഥികളും ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ് രണ്ടും മൂന്നും വിഭാഗക്കാർ. ഓരോ വിഭാഗത്തിൽ നിന്നുമായി മൂന്ന് വിജയികളെ തിരഞ്ഞെടുക്കും.
തദ്ദേശീയരല്ലാത്തവരിൽ അറബി ഭാഷാ സംസ്‌കാരവും ഭാഷാ വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.