തൃശൂര്‍: പത്രപ്രവർത്തരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി എസിപിയാണ് അന്വേഷണം തുടങ്ങിയത്. പോലീസ് കമ്മീഷ്ണറുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തുന്നത്.
കയ്യേറ്റത്തിനെതിരെ അന്വേഷണമാവശ്യപ്പെട്ട് അനില്‍ അക്കരയാണ് പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടത്തുന്നത്. വ്യാഴാഴ്ച അനിൽ അക്കരെയുടെ മൊഴി രേഖപ്പെടുത്തും. ആവശ്യമെങ്കിൽ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
തൃശൂർ രാമനിലയത്തിലെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം നടന്നത്. വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞ് ദേഷ്യപ്പെട്ട് വാഹനത്തിനു സമീപത്തുനിന്നാണ് കേന്ദ്രമന്ത്രി പത്രപ്രവർത്തകരെ തള്ളിമാറ്റിയത്.
ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ മുകേഷ് രാജിവെക്കണമോയെന്ന പത്ര പ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേഷ് ഗോപി ദേഷ്യപ്പെട്ടത്. തുടർന്ന് ചോദ്യം ചോദിച്ചവരെ തള്ളുകയുമായിരുന്നു. ബലപ്രയോഗത്തിനുശേഷം എന്റെ വഴി എന്റെ അവകാശമാണെന്നും പറഞ്ഞു ഔദ്യോഗിക വാഹനത്തിൽ കയറി സുരേഷ് ഗേപി മടങ്ങിയിരുന്നു.