കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നടിയുടെ ലൈംഗിക ആരോപണം നേരിട്ടത്തിന് പിന്നാലെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ ഒഴിഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ കളവാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞ ചന്ദ്രശേഖരൻ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പദവികൾ രാജിവെക്കുന്നതെന്ന് അറിയിച്ചു. കെ പി സി സി ലീഗൽ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് അദ്ദേഹം രാജിവെച്ചത്. രാജിക്കത്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് കൈമാറിയതായും അറിയിച്ചു.
ഒരിക്കല്‍ പോലും താരത്തിനൊപ്പം ഒന്നിച്ച് കാറില്‍ യാത്ര ചെയ്തിട്ടില്ലെന്നും ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെല്ലാം കെ പി സി സി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണങ്ങള്‍ തെളിയിച്ചാല്‍ താൻ പൊതു ജീവിതവും പ്രഫഷണല്‍ ജീവിതവും അവസാനിപ്പിക്കുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു. ആരോപണം ഉന്നയിച്ച നടിയുടെ മൊഴി ഇന്ന് പോലീസ് സംഘം കൊച്ചിയിലെ താമസ സ്ഥലത്തുനിന്നും രേഖപ്പെടുത്തി. സിനിമാ താരങ്ങളുൾപ്പടെ ഏഴ് പേര്‍ക്കെതിരെ നടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. കേസെടുക്കുന്ന കാര്യങ്ങൾ പോലീസ് പിന്നീട് തീരുമാനമെടുക്കും.