റിയാദ്: സൗദിയിൽ സ്പോൺസറെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാനെ(63)തിരെയാണ് ഇന്ന് വധ ശിക്ഷ നടപ്പാക്കിയത്. അബ്ദുറഹ്മാന്റെ സ്പോൺസറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെയാണ് പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം മൃതദേഹം ഭൂഗർഭ ടാങ്കിൽ തള്ളുകയായിരുന്നു. സൗദിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
കുടുംബാംഗങ്ങൾ പുറത്ത് പോയി തിരിച്ചു വന്നപ്പോൾ സൗദി പൗരനെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മൊബൈൽ ഓഫ്ഫായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ച പോലീസ് ഹൗസ് ഡ്രൈവറായ അബ്ദുൽ ഖാദർ അബ്ദുറഹ്മാനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്.
സ്പോൺസറുമായുണ്ടായ തർക്കത്തെ തുടർന്ന് സ്പോൺസറെ ശിരസ്സിന് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും തലക്ക് അടിയേറ്റ സൗദി പൗരൻ തൽക്ഷണം മരണപ്പെട്ടതായും മൃതദേഹം വീട്ടിലെ ഭൂഗർഭ ടാങ്കിൽ തള്ളി ടാങ്ക് അടക്കുകയും ചെയ്തതായി ഡ്രൈവർ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് വർഷമായി സൗദിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ ഖാദർ അബ്ദുറഹ്മാൻ.