ചണ്ഡീഗഡ് : ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ശനിയാഴ്ച ശംഭു അതിർത്തിയിലെ കർഷക സമരവേദിയിലെത്തി പിന്തുണ അറിയിച്ചു. കർഷകരുടെ അവകാശങ്ങൾ ലഭിക്കാൻ താൻ ഒരു മകളെപ്പോലെ നിൽക്കുകയും നീതിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിച്ച വിനേഷ് ഫോഗട്ട് , താൻ ഒരു കായികതാരമാണെന്നും രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും പറഞ്ഞു.
“വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല” “ഞാനൊരു കായികതാരമാണ്; ഞാൻ മുഴുവൻ രാജ്യത്തിൻ്റേതാണ്. ഏതെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതുമായി എനിക്ക് ഒരു ബന്ധവുമില്ല. എൻ്റെ രാജ്യം ദുരിതമനുഭവിക്കുന്നു, കർഷകർ ദുരിതത്തിലാണ്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം, അത് ചെയ്യണം. ഇത് പരിഹരിക്കാനുള്ള സർക്കാരിൻ്റെ പ്രഥമ പരിഗണനയായിരിക്കണമെന്നും അവർ പറഞ്ഞു.
കോൺഗ്രസ് ടിക്കറ്റ് നൽകിയാൽ ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ , “ഞാൻ ഇവിടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കില്ല, ഞാൻ എൻ്റെ കുടുംബത്തിലേക്ക് വന്നത് അവരോട് ഐക്യപ്പെടാൻ വേണ്ടിയാണ്, ഇവിടെ നിങ്ങൾ രാഷ്ട്രീയം സംസാരിച്ചാൽ, നിങ്ങൾ അവരുടെ സമരം പാഴാക്കും.’ എന്നാണ് അവർ മറുപടി പറഞ്ഞത്
ശംഭു അതിർത്തിയിൽ എത്തിയ ശ്രീമതി ഫോഗട്ടിനെ കർഷക നേതാക്കൾ അഭിനന്ദിച്ചു. ഡൽഹിയിലേക്കുള്ള മാർച്ച് അധികൃതർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ ശംഭു അതിർത്തിയിൽ നിലയുറപ്പിച്ചത്. മുഴുവൻ കൃഷി ഉൽപന്നങ്ങളുടെയും താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.



