തിരുവനന്തപുരം: നിലമ്പൂർ എം എൽ എ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ സി പി എം സെക്രെറ്റേറിയറ്റ് പരിശോധിച്ചുവെന്ന് സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പരാതിയിലുള്ളതെന്നും അത് ഭരണതലത്തിൽ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും പരാതി ഉന്നയിച്ച സുജിത് ദാസിനെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ്. ഭരണതലത്തിൽ തന്നെ അത്തരം പ്രശ്നങ്ങൾ പരിശോധന നടത്തണമെന്നാണ് പാർട്ടിയുടെ അഭിപ്രായം. പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന ഉദ്യോഗമുള്ള ഡി ജി പിയെ തന്നെയാണ് അതിനു നിയോഗിച്ചിട്ടുള്ളത്. മറ്റുള്ളവർ അദ്ദേഹത്തെ സഹായിക്കാനുള്ളവരാണ്.
ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സി പി എം രീതി കോൺഗ്രസ്സിനില്ലെന്നും സിമി റോസ് ബെല്ലിനെ പുറത്താക്കിയത് എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണെന്നും അതെന്താണ് മാധ്യമങ്ങൾ ചർച്ചയാക്കാത്തതെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.
സിമി റോസ് ബെല്ലിനെ പോലെയുള്ള സ്ത്രീകൾക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.



