ന്യൂ ഡൽഹി: ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപ്പെട്ട വിവാദ എഴുത്തുകാരി തസ്ലീമ നസ്രീൻ ഇന്ത്യയിൽ കഴിയുന്നത് കാലാവധി കഴിഞ്ഞ വിസയിലെന്ന് റിപ്പോർട്ടുകൾ. ബംഗ്ലാദേശിലെ സമീപകാല രാഷ്ട്രീയ പ്രക്ഷോഭത്തെ തുടർന്നാണോ ഇന്ത്യ വിസ പുതുക്കി നൽകാത്തത് എന്ന് സംശയമുണ്ട്. ഇന്ത്യയിൽ തൻ്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്ന തസ്ലീമ നസ്രീൻ, ജൂലൈയിൽ കാലഹരണപ്പെട്ട തൻ്റെ ഇന്ത്യൻ റസിഡൻസ് പെർമിറ്റ് ഇതുവരെ സർക്കാർ പുതുക്കിയിട്ടില്ലെന്ന് അവർ ആജ്തക് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു.
“എനിക്ക് ഇന്ത്യയിൽ ജീവിക്കാൻ ഇഷ്ടമാണ്, പക്ഷേ ഏകദേശം ഒന്നര മാസമായി, എൻ്റെ റസിഡൻസ് പെർമിറ്റ് ഇതുവരെ പുതുക്കിയിട്ടില്ല. ഞാൻ എൻ്റെ സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കുന്നു, പക്ഷേ ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വെബ്‌സൈറ്റിലെ സ്റ്റാറ്റസ് ‘അപ്‌ഡേറ്റ്’ എന്നാണ് കാണിക്കുന്നത്. എനിക്ക് പെർമിറ്റ് കിട്ടിയില്ലെങ്കിൽ, തീർച്ചയായും ഞാൻ ഇവിടെ കിടന്ന് മരിക്കും, ഇപ്പോൾ എനിക്ക് എവിടേയും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.” നസ്രീൻ ആജ്തക് ബംഗ്ലായോട് പറഞ്ഞു
ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം പെർമിറ്റ് പുതുക്കുന്നതിന് തടസ്സമാകുന്നുണ്ടോ എന്ന ചോദ്യത്തിന്, ഏതെങ്കിലും ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് അവർ മറുപടി പറഞ്ഞു. എനിക്ക് ബംഗ്ലാദേശുമായും അതിൻ്റെ രാഷ്ട്രീയവുമായും യാതൊരു ബന്ധവുമില്ല. ഞാൻ ഇവിടെ ഒരു സ്വീഡിഷ് പൗരനായാണ് താമസിക്കുന്നത്. നിലവിലെ ബംഗ്ലാദേശ് വിവാദത്തിന് മുമ്പുതന്നെ എൻ്റെ പെർമിറ്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. 2017-ലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. സാങ്കേതിക പ്രശ്‌നമാകാം ഇതിന് കാരണം. അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.