കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനും മുന്‍ എം എല്‍ എ. ടി വി രാജേഷിനും തിരിച്ചടി.
ഇവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി തള്ളുകയായിരുന്നു.
ഗൂഢാലോചനാ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സി ബി ഐ ചുമത്തിയിരുന്നത്.
കൊലപാതകത്തിനായി ഗൂഢാലോചന നടന്നുവെന്നത് തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് ഷുക്കൂര്‍ വധം. എം എസ് എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് തളിപ്പറമ്പ് പട്ടുവത്ത് വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ വിചാരണ നടത്തിയശേഷം കീഴാറയിലെ ഒരു പാടത്തിട്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രം.
വാഹനം ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും പ്രവേശിപ്പിച്ച തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി പി എം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഷുക്കൂറിന്റെ അമ്മ ആതിക്ക നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 34 പ്രതികളുള്ള കേസില്‍ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ യഥാക്രമം 33, 34 പ്രതികളാണ്.