41.6 C
Saudi Arabia
Friday, August 22, 2025
spot_img

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് മുരളീധരനും സുനിൽ കുമാറും

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എ ഡി ജി പി അനിൽ കുമാർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരനും വി സുനിൽ കുമാറും. പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു.

തൃശൂർ പൂരം കലക്കിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ സാധിക്കില്ലെന്നും വ്യക്തമായ അജണ്ടകൾ പിന്നിൽ ഉണ്ടായിരുന്നെന്നും കെ മുരളീധരൻ പറഞ്ഞു.സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. മുഖ്യമന്ത്രിക്ക് എന്തിനാണിത്ര വാശിയെന്നും മുരളീധരൻ ചോദിച്ചു.

പൂരം സ്വാഭാവികമായി കലങ്ങുന്ന സാഹചര്യമില്ലെന്നും ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു. പിന്നിൽ വ്യക്തമായ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി തൃശ്ശൂരിൽ മത്സരിച്ചിരുന്ന രണ്ടു സ്ഥാനാർത്ഥികൾ രംഗത്തു വന്നത്.

ബോധപൂർവമായ ഗൂഡലോചനയോ അട്ടിമറിയോ സംഭവത്തിന് പിന്നിലില്ലെന്നും കമ്മീഷണറുടെ പരിചയകുറവാണ് കാരണമെന്നുമായിരുന്നു റിപ്പോർട്ടിലുള്ളത്. ഒരാഴ്ചക്കകം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. എന്നാൽ അഞ്ചു മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്

Related Articles

- Advertisement -spot_img

Latest Articles