റിയാദ് : കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മിനാ – കേളി ഫുട്ബാൾ ടൂർണമെന്റിന് പ്രൗഢോജ്വല തുടക്കം. അൽഖർജിലെ യമാമ ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഫുട്‌ബോൾ സംഘാടക സമിതി ചെയർമാൻ അബ്ദുൾ കലാം അദ്ധ്യക്ഷത വഹിച്ചു. സൗദി അറേബ്യയയിലെ അൽ നസർ ക്ലബ്ബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മലയാളി ബാലൻ മുഹമ്മദ് റാസിൻ മുഖ്യാതിഥിയായിരുന്നു.
കേളി ആക്റ്റിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയ വൈസ് പ്രസിഡൻറ് ഗോപാലൻ, ജീവകാരുണ്യ കമ്മറ്റി ആക്റ്റിംഗ് കൺവീനർ നാസർ പൊന്നാനി, കേന്ദ്ര സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട്, കൺവീനർ ഹസ്സൻ പുന്നയൂർ, സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ്, അൽഖർജിലെ സൗദി പൗരപ്രമുഖരായ മുഹസിൻ അൽ ദോസരി, ഫഹദ് അബ്ദുള്ള അൽ ദോസരി, അൽഖർജിലെ ജനകീയ ഡോക്ടർ അബ്ദുൾ നാസർ, കെഎംസിസി പ്രതിനിധി മുഹമ്മദ് പുന്നക്കാട് ഷബീബ്, അറ്റ്ലസ് ഉടമ ഷബീർ, ഹാദായിക്ക് ജനറൽ മേനേജർ കെവിൻ, അബു ഓലീദ് അൽ സുജൊവി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കൺവീനർ റഷിദ് അലി സ്വാഗതവും, ട്രഷറർ ജയൻ പെരുനാട് നന്ദിയും പറഞ്ഞു.
ആദ്യദിനത്തിൽ മൂന്ന് മത്സരങ്ങളാണ് നടന്നത്. ഉദ്ഘാടന മത്സരത്തിൽ റിയാദിൽ നിന്നുള്ള ടീമുകളായ യൂത്ത് ഇന്ത്യയും ഫുട്ബാൾ ഫ്രണ്ട്സ് റിയാദും തമ്മിൽ മത്സരിച്ചു. കളിയിൽ ഉടനീളം യൂത്ത് ഇന്ത്യയുടെ ആധിപത്യമായിരുന്നു. ഒൻപതാം മിനുട്ടിൽ യൂത്ത് ഇന്ത്യയുടെ പത്താം നമ്പർ താരം അഖിൽ ആദ്യ ഗോൾ നേടി. തുടർന്ന് പതിനാറാം മിനുട്ടിലും ഇരുപത്തിആറാം മിനുട്ടിലും ഗോളുകൾ നേടിക്കൊണ്ട് ഉദ്ഘാടന കളിയിൽ തന്നെ അഖിൽ ആദ്യ ഹാട്രിക് നേടി. തുടർന്ന് 27ആം മിനുട്ടലും 71ആം മിനുട്ടിലും യൂത്ത് ഇന്ത്യയുടെ തന്നെ അസീം രണ്ടു ഗോളുകൾ നേടി. കളിയുടെ നാൽപതാം മിനുട്ടിൽ ഫുട്ബാൾ ഫ്രന്റ്സിന് വേണ്ടി ഫൈസൽ ആശ്വാസഗോൾ നേടി. ആദ്യ കളിയിൽ
യൂത്ത്ഇന്ത്യ 5-1ന് വിജയിച്ചു.
ലാന്റേൺ എഫ്സി യും ഒബയാർ എഫ് സി യും തമ്മിൽ മാറ്റുരച്ച രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീകമായ ആറ് ഗോളുകൾക്ക് ലാന്റേൺ എഫ്സി വിജയിച്ചു. കളി ആരംഭിച്ചു രണ്ടാം മിനുട്ടിൽ തന്നെ ലാന്റേൺ എഫ്സിയുടെ തേരോട്ടം ആരംഭിച്ചു. രണ്ടാം മിനുട്ടിലും പതിമൂന്നാം മിനുട്ടിലും സിനാനും, നാലാം മിനുട്ടിലും ഒൻപതാം മിനുട്ടിലും ഇബ്നുവും (താജു), പതിനൊന്നാം മിനുട്ടിൽ മുബാറക്കും ഇരുപത്തി ആറാം മിനുട്ടിൽ അജ്നാസും ലാന്റേൺ എഫ്സിക്ക് വേണ്ടി ഗോൾ നേടി.
മൂന്നാമത്തെ മത്സരം സുലൈ എഫ് സി യും ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സിയും തമ്മിലായിരുന്നു. തുല്യ ശക്തികൾ തമ്മിൽ മാറ്റുരച്ച മത്സരം 2 – 1 എന്ന സ്കോറിൽ സുലൈ എഫ് സി വിജയിച്ചു. വാശിയേറിയ മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ
ഒൻപതാം നമ്പർ താരം ഷാഹുൽ നേടിയ മനോഹരമായ ഗോളിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സി കളിയിൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ അഞ്ചു മിനുട്ട് നീണ്ടുനിന്ന ആധിപത്യത്തിന് പത്തൊമ്പതാം മിനുട്ടിൽ സുലൈ എഫ് സിയുടെ പത്താം നമ്പർ താരം ഹാസിഫ് തടയിട്ടു. ഇരുപത്തിഎട്ടാം മിനുട്ടിൽ ഏട്ടാം നമ്പർ താരം സക്കറിയയുടെ തന്ത്രപരമായ നീക്കത്തിലൂടെ സുലൈ എഫ് സി വിജയഗോൾ നേടി. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ റഫറിമാരാണ് കളികൾ നിയന്ത്രിച്ചത്.
ഒന്നാമത്തെ മത്സരത്തിൽ യൂത്ത് ഇന്ത്യയുടെ അഖിലും, രണ്ടാമത്തെ മത്സരത്തിൽ ലാന്റേൺ എഫ്സിയുടെ ഇബ്നുവും (താജു),മൂന്നാമത്തെ മത്സരത്തിൽ സുലൈ എഫ് സിയുടെ ഹബീബിനെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയിച്ച മൂന്ന് ടീമുകളും ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. അടുത്ത ആഴ്ച്ചയിലും മത്സരങ്ങൾ നടക്കുമെന്ന് ഫുട്ബോൾ സംഘാടക സമിതി അറിയിച്ചു