ന്യൂഡൽഹി: പ്രണയത്തിലായ മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളെ കാമുകന്. കാമുകനും മകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി. ആഗ്രക്ക് സമീപം ഇറ്റയിലാണ് സംഭവം നടന്നത്. മകളുടെ കാമുകനാണെന്നറിയാതെയാണ് അമ്മ അയാൾക്ക് ക്വട്ടേഷൻ നൽകിയത്. അൽക്ക ദേവി (42) യാണ് കൊല്ലപ്പെട്ടത്. വാടക കൊലയാളി സുഭാഷ്(38) ആണ് മകളുടെ കാമുകൻ. മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയ വിവരം സുഭാഷ് മകളെ അറിയിക്കുകയും രണ്ടു പേരും ചേർന്ന് അമ്മയെ കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ അൽക്ക ദേവിയുടെ മകളെയും കാമുകനെയും പോലീസ് പിടികൂടി. മകളുടെ പ്രണയത്തിൽ അൽക്ക ദേവി അശ്വസ്തയായിരുന്നു. മകൾ നേരത്തെ ഒരാളുടെ കൂടെ ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു, അതിന് ശേഷമാണ് സുഭാഷുമായി പ്രണയത്തിലാവുന്നതും. പ്രണയത്തിൽ നിന്നും പിന്മാറണമെന്ന് മകളോട് ആവശ്യപ്പെട്ടെങ്കിലും പിന്മാറാൻ തയ്യാറായിരുന്നില്ല, ശേഷം അമ്മാവന്റെ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. തുടർന്നും മകൾ ബന്ധം തുടരുകയായിരുന്നു.
അമ്പതിനായിരം രൂപക്കാണ് സുഭാഷിന് അൽക്കദേവി ക്വട്ടേഷൻ നൽകിയത്. മകളുടെ കാമുകൻ സുഭാഷാണെന്ന് അൽക്കദേവിക്ക് അറിയില്ലായിരുന്നു. അമ്മയെ കൊലപ്പെടുത്തിയാൽ വിവാഹത്തിന് തയ്യാറാണെന്ന് മകൾ സുഭാഷിന് വാക്ക് നൽകിയിരുന്നു. ഒക്ടോബർ ആറിന് ജസ്‌റത്പൂറിലെ വയലിൽ നിന്നാണ് അൽക്കദേവിയുടെ മൃതദേഹം കണ്ടെത്തുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അൽക്കദേവിയുടെ കൊലപാതക വിവരം പുറംലോകം അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് സുഭാഷിനെയും മകളെയും പിടി കൂടുന്നതും. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.