ജിദ്ദ: പ്രവാസികൾക്ക് അഭിമാനമായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗത്വം ലഭിച്ച ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ആൻഡ് റയാൻ ഇന്റർനാഷണൽ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ അലി മുഹമ്മദലി വി.പിയെ തനിമ ആദരിച്ചു. ചേംബർ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡിലേക്കാണ് അലി മുഹമ്മദലി നോമിനേറ്റ് ചെയ്യപ്പെട്ടത്. ബോർഡ് അംഗത്വം ലഭിച്ച ആറുപേരിൽ ഏക ഇന്ത്യക്കാരനാണ് അലി. ആദ്യമായാണ് ജിദ്ദ ചേംബർ ബോർഡിൽ ഒരു മലയാളിക്ക് അംഗത്വം ലഭിക്കുന്നത്
ചടങ്ങിൽ തനിമ കേന്ദ്ര പ്രസിഡണ്ട് എ.നജ്മുദ്ദീൻ അനുമോദന പ്രസംഗം നടത്തി. ജിദ്ദയിലെ മലയാളികളുമായി ആത്മബന്ധമുള്ള സ്ഥാപനമാണ് ജിദ്ദ നാഷനൽ ഹോസ്പിറ്റലെന്നും അതിന്റെ സ്ഥപകനായ വി.പി.മുഹമ്മദലിയുടെ മകൻ അലിക്ക് ലഭിച്ച അംഗീകാരം മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവും മാർഗദർശിയുമായ വി.പി.മുഹമ്മദലിക്ക് ലഭിച്ച അംഗീകാരമാണിതെന്നും മലയാളി സമൂഹത്തിന് ഇനിയും സംഭാവനകളും സേവനങ്ങളുമർപ്പിക്കുമെന്നും മറുപടി പ്രസംഗത്തിൽ അലി പറഞ്ഞു. തനിമയുടെ ഉപഹാരം നജ്മുദ്ദീൻ സമ്മാനിച്ചു. സലീം മമ്പാട്, സഫറുല്ല, സി.എച്ച്. ബശീർ എന്നിവർ സംബന്ധിച്ചു. അനീസ് കെ.എം. സ്വാഗത്വം പറഞ്ഞു. അമീൻ നദ്‌വി ഖിറാഅത്ത് നടത്തി