ഒട്ടാവ: കാനഡയിലെ ഹിന്ദു സഭാ മന്ദിറിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒരു സംഘം ഭക്തരെ, സിക്ക് അനുക്കൂല ഖലിസ്ഥാനി അനുയായികൾ ആക്രമിച്ചു. ക്ഷേത്രത്തിന് പുറത്ത് ഒരു സംഘം ആളുകൾ വടികൾ വീശി ഭക്തരെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിൻ്റെ മൈതാനത്ത് ഖാലിസ്ഥാൻ്റെ അനുയായികളും ഭക്തരും ഏറ്റുമുട്ടുന്നത് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിൽ കാണാം.
ക്ഷേത്രത്തിലെത്തിയ ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് മുന്നിൽ തങ്ങളുടെ അനുയായികൾ പ്രതിഷേധിക്കുകയായിരുന്നുവെന്ന് ഖാലിസ്ഥാന് വേണ്ടി വാദിക്കുന്ന നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പറഞ്ഞു. പെൻഷൻ ഉൾപ്പെടെയുള്ള ഭരണപരമായ സേവനങ്ങൾ ചെയ്യുന്നതിനായി എത്തിയതായിരുന്നു ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർ.
ഹിന്ദു ഭക്തർക്ക് നേരെയുണ്ടായ ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു, രാജ്യത്ത് അക്രമ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവർ, ടൊറൻ്റോ എംപി കെവിൻ വൂങ്, എംപി ആര്യ എന്നിവരുൾപ്പെട്ട കനേഡിയൻ രാഷ്ട്രീയക്കാർ ആക്രമണത്തെ അപലപിച്ചു. രാജ്യത്തെ നേതാക്കൾ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ടൊറൻ്റോ എംപി പറഞ്ഞു.
സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ക്ഷേത്രത്തിനു കനേഡിയൻ പോലീസിന്റെ ശക്തമായ കാവൽ ഏർപ്പെടുത്തി. സമാധാനപരമായും സുരക്ഷിതമായും പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞങ്ങൾ മാനിക്കുന്നു, എന്നാൽ അക്രമവും ക്രിമിനൽ പ്രവൃത്തികളും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലന്ന് പീൽ റീജിയണൽ പോലീസ് ചീഫ് നിഷാൻ ദുരൈയപ്പ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിന്തുടരുകയും അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സംഭവം നടന്നത്. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതുൾപ്പെടെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപരമായ അങ്ങോട്ടും ഇങ്ങോട്ടും തുടരുന്നതിനിടയിലാണ് അക്രമമെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.