ജിദ്ദ: ഖുര്‍ആന്‍ പഠിക്കാം, ജീവിത വിജയം നേടാം എന്ന തലക്കെട്ടിൽ തനിമ ജിദ്ദയിൽ നടത്തിയ പ്രചാരണ പരിപാടികൾക്ക് നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്ത ഖുർആൻ സമ്മേളനത്തോടെ ആവേശോജ്വല സമാപനം. ഒന്നര മാസം നീണ്ട കാമ്പയിന്റെ സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തൽ പ്രവാസി സമൂഹത്തിന്റെ നാനാമേഖലകളില്‍നിന്നായി വൻജനാവലി സംബന്ധിച്ചു. സൗദി അറേബ്യയിലേയും കേരളത്തിലേയും പ്രഗല്‍ഭ ഇസ്ലാമിക പണ്ഡിതന്മാരും വാഗ്മികളും സന്നിഹിതരായത് സമാപന ചടങ്ങിന്റെ മാറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.
ഭൂമിയിലെ സ്വര്‍ഗീയ ആരാമമാണ് ഖുര്‍ആന്‍ പഠന സദസ്സെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സനാഇയ്യ ജാലിയാത്ത് ഡയറക്ടര്‍ അബ്ദുല്ല സഈദ് സഹ്റാനി പറഞ്ഞു. ഭൂമിയിലേക്ക് അല്ലാഹു നല്‍കിയ ഏറ്റവും വിശിഷ്ടമായ സമ്മാനമാണ് ഖുര്‍ആനെന്നും ജാതി മത വ്യത്യാസമില്ലാതെ അത് എല്ലാ മനുഷ്യരേയും ഒരുപോലെ അഭിസംബോധന ചെയ്യുന്നുണ്ടെന്നും പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ ജീവിതത്തില്‍ എന്ന വിഷയമവതരിപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതിക ലോകത്തിന്റെ ഭ്രമാത്മകതയില്‍ പെട്ട് ജീവിതം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഖുര്‍ആന്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയാണെങ്കില്‍, ആയിരം മാസംകൊണ്ട് നേടേണ്ട കാര്യം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നേടാന്‍ കഴിയുമെന്നും പ്രവാചകന്‍ തന്നെ അതിന് സാക്ഷിയാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. 23 വര്‍ഷങ്ങള്‍കൊണ്ട് വലിയ നാഗരികത സൃഷ്ടിക്കാന്‍ ഖുര്‍ആന് സാധിച്ചത് അത്കൊണ്ടായിരുന്നു. നൂറ്റാണ്ടുകളായി ഖുര്‍ആന്‍ ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന നിയമങ്ങളും നിർദേശങ്ങളും ജീവിതത്തില്‍ നടപ്പാക്കി അതിന്റെ നന്മകൾ സമൂഹത്തിന് ദൃശ്യമാക്കാൻ വിശ്വാസികൾ തയാറാകണം. ഖുര്‍ആന്‍ പരായണത്തിലൂടെ മാനസിക പ്രയാസങ്ങള്‍ നീങ്ങുമെന്നും അത് നാളെ പരലോകത്ത് തണലായും തലോടലായും നമ്മോടൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യന്‍ ജനതയുടെ മലീമസമായ ജീവിതത്തെ പ്രശോഭിതമാക്കിയത് ഖുര്‍ആന്റെ വെളിച്ചംകൊണ്ടായിരുന്നുവെന്നും വായിക്കാനുള്ള ഖുര്‍ആന്റെ കല്‍പനയാണ് അതിന് നിമിത്തമായതെന്നും പ്രശസ്ത പണ്ഡിതൻ ഡോ. ആര്‍. യൂസുഫ് പറഞ്ഞു. സംസാര ഭാഷയെ അവലംബിച്ച് ജീവിച്ചിരുന്ന ജനതക്ക് നാഗരിക സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. കാരണം ഒരേ കഥ തന്നെ നൂറു കണക്കിന് കഥകളായി അത് ഉദ്ധരിക്കപ്പെടുകയും മിത്തുകളായി മാറുകയും ചെയ്യും. പ്രാചീന അറബികള്‍ ഇത്തരത്തിലുള്ള ജനതയായിരുന്നുവെങ്കിലും ഖുര്‍ആന്‍ അവതീര്‍ണ്ണ മായതിലൂടെ അവര്‍ക്ക് നാഗരിക സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിച്ചു.
ബുദ്ധിപരമായ ദൗത്യം ഏറ്റെടുക്കാന്‍ പ്രചോദിപ്പിച്ച വേദഗ്രന്ഥമാണ് ഖുര്‍ആന്‍. മൂര്‍ച്ചയുള്ള ചിന്തകളും കണ്ണുകളുമായി വായിക്കാന്‍ ആവശ്യപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യനെ കര്‍മ്മത്തിലേക്ക് നയിക്കുന്നതാണ് വായനെയെന്നും ആര്‍. യൂസുഫ് പറഞ്ഞു.
ചടങ്ങില്‍ തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ഫസല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് നജ്മുദ്ദീന്‍ സമാപന പ്രസംഗം നിര്‍വ്വഹിച്ചു. ജാലിയാത്ത് പ്രതിനിധി അബ്ദുല്‍ അസീസ് ഇദ് രീസ് ആശംസ നേർന്നു. വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ആര്‍.എസ്. അബ്ദുല്‍ ജലീല്‍ സ്വാഗതവും അബ്ദു റഷീദ് കടവത്തൂര്‍ നന്ദിയും പറഞ്ഞു. നദീം നൂരിഷാ ഖിറാഅത്ത് നടത്തി.