പാലക്കാട്: സാദിഖലി തങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സാദിഖലി തങ്ങളെ പോലെയല്ല, സാദിഖലി തങ്ങൾ ഒരു ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപോലെയാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പാലക്കാട് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനവും ബാബ്‌റി മസ്‌ജിദ് ധ്വംസന സമയത്തെ ലീഗ് നിലപാടും ചേർത്ത് വെച്ചാണ് മുഖ്യമന്ത്രിയുടെ വിമർശനം. ലീഗിന് അധികാരത്തോടാണ് ആദർശത്തോടല്ല പ്രതിബദ്ധതയെന്നും അക്കാലത്തു നടന്ന ഒറ്റപ്പാലം ഉപ തെരെഞ്ഞെടുപ്പ് സൂചിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം യു ഡി എഫ് ചെന്നുപെട്ടിട്ടുള്ള ഗതികേട് ആണ് സൂചിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു. ഇന്നലെ വരെ സ്വീകരിച്ചിരുന്ന സന്ദീപ് വാര്യരുടെ നിലപാടുകൾ പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ തീരുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.