ഷാർജ: 43മത് ഷാർജ അന്താരാഷ്ട്ര പുസ്തയോത്സവം ഇന്ന് സമാപിക്കും. അറിവിൻറെ വിശാലമായ ലോകത്തേക്ക് വായനയുടെ വാതായനങ്ങൾ തുറന്ന ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തിരശീല വീഴും. വായനയും എഴുത്തും സംഗീതവും ചിത്ര രചനയും പാചകവുമായി വൈവിധ്യങ്ങളായ പരിപാടികളായിരുന്നു കഴിഞ്ഞ പത്ത് ദിവസങ്ങളിലായി പുസ്തകോത്സവത്തിൽ നടന്നത്.
112 രാജ്യങ്ങളിൽ നിന്നും 2250 പ്രസാധകരാണ് ഷാർജ പുസ്തകോത്സവത്തിൽ പങ്കാളികളായത്. ലോകത്തിലെ ആദ്യത്തെ കയ്യെഴുത്ത് പ്രതി മുതൽ ഏറ്റവും ആധുനിക പുസ്തകങ്ങൾ വരെ പരിചയപ്പെടുത്തിയ മേള സംഘാടക മികവ് കൊണ്ട് ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഓരോ വർഷങ്ങളിലും മേളക്കെത്തുന്നവരിൽ വൻ വർദ്ധവനാണ് കാണപ്പെടുന്നത്.
മൊറോക്കോയായിരുന്നു ഇത്തവണത്തെ അഥിതി രാജ്യം ഇന്ത്യയിൽ നിന്നുൾപ്പടെ ഏറ്റവും പുതിയ 400 രചയിതാക്കളാണ് മേളയുടെ ഭാഗമായത്. യുഎഇയിൽ നിന്നും 234 പ്രസാധകരാണ് മേളയിലെ ഏറ്റവും വലിയ പങ്കാളിത്തം. ഈജിപ്തിൽ നിന്നും 172 പ്രസാധകരും ഇന്ത്യയിൽ നിന്നും 52 പ്രസാധകരും മേളയിലെ സജീവ പങ്കാളികളായി. കവിയരങ്ങിൽ മലയാളത്തിന്റെ പ്രശസ്ത കവി റഫീഖ് അഹ്മദ് പങ്കെടുത്തു. കേരളത്തിൽ നിന്നുൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള അനേകം എഴുത്തുകാരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശിതമായി.
കഥകളും കവിതകളും നോവലുകളും അനുഭവകുറിപ്പുകളുമായി വായനയുടേയുടെയും എഴുത്തിന്റെയും ലോകത്തേക്ക് നവാഗതരെ കൈപിടിച്ചുയർത്താൻ പുസ്തകമേളക്ക് സാധിക്കുന്നുവെന്നതാണ് ഓരോ വർഷവും മേളയിൽ വരുന്ന സന്ദർശകരുടെ വർദ്ധനവിന്റെ കാരണം.