പാലക്കാട്: കേരളത്തിൽ ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിൽ മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. പ്രചാരണത്തിന്റെ തുടക്കം മുതൽ അവസാനം വരെ വെറും വാശിയും നില നിന്ന മണ്ഡലവുമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ മത്സരം നടന്ന പാലക്കാട് ഷാഫി പറമ്പിലിന്റെ വിജയം ശ്രദ്ധേയയാമായിരുന്നു.
ഷാഫിയുടെ നോമിനിയായി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മത്സരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസിൽ ചേരിപ്പോര് തുടങ്ങിയിരുന്നു. ഡോക്ടർ സാറിന് മറുകണ്ടം ചാടി എൽഡിഎഫ് സ്ഥാനാര്ഥിയായതോടെ മത്സരത്തിന്റെ വൈബ് മാറുകയായിരുന്നു. കള്ളപ്പണവും പെട്ടിയും പാതിരാ റൈഡും പ്രതിഷേധവും പാലക്കാടിനെ ലൈവാക്കി
സന്ദീപ് വാര്യർ ബിജെപി സ്റ്റേഷൻ വിടുകയും എത്തിച്ചേരേണ്ട സ്റ്റേഷൻ ക്രിസ്റ്റൽ ക്ലിയറാവാതെ നീണ്ടുപോവുകയും ചെയ്‌തത് പാലക്കാട്ടുകാരെ മാത്രമല്ല, രാഷ്ട്രീയ നേതാക്കന്മാരെയും മാധ്യമ പ്രവർത്തകരെയും ആകാംക്ഷയിൽ നിർത്തി. സന്ദീപ് വാര്യരുടെ രാഷ്ട്രീയ ജീവിതത്തിലെ സുവർണ്ണ കാലമായിരിക്കും ചിലപ്പോൾ ഈ ദിവസങ്ങൾ, ജീവിതത്തിൽ നന്മ മാത്രം കേട്ട ദിവസങ്ങൾ ഇതായിരിക്കും.
വെറുപ്പിന്റെ കൂടാരത്തിൽ നിന്നും സ്നേഹത്തിന്റെ കടയിൽ കയറിയ വാര്യർക്ക് കൂടുതൽ തെറി കേൾക്കേണ്ടി വന്നത് ബിജെപിയിൽ നിന്നായിരുന്നില്ല എൽഡിഎഫിൽ നിന്നായിരുന്നു, അതും ക്രിസ്റ്റൽ ക്ലിയറായി തന്നെ. കുറഞ്ഞ ചെലവിൽ കൂടുതൽ ചർച്ച ചെയ്‌ത പരസ്യവും പാലക്കാട് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത തന്നെയായിരുന്നു.
മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ അടിക്കടി മാറിയതും പാലക്കാട് തന്നെയായിരുന്നു. കോൺഗ്രസ് ഗ്രൂപ്പിസത്തിൽ നിന്നും തുടങ്ങി നീലപെട്ടിയും കടന്ന് സന്ദീപ് വാര്യരിലൂടെ പാണക്കാട് തങ്ങളിലെത്തി നിൽക്കുമ്പോഴാണ് പരസ്യത്തിലേക്ക് വഴി മാറുന്നത്.
പ്രചാരണം മുറുകിയപ്പോൾ വമ്പന്മാർ വരെ തറ നിലവാരത്തിലേക്ക് താഴ്ന്നതും പാലക്കാട്ടെ പ്രചാരണത്തിൽ നാം കണ്ടതാണ്. വർഗീയ പ്രചാരണത്തിൽ ഇത്തവണ സിപിഎം തന്നെ മുന്നിട്ടിറങ്ങിയതും പാലക്കാടായിരുന്നു.