തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്‌സഭാ കാലത്ത് നടന്നത് ന്യൂന പക്ഷ പ്രീണനമാണ്, ഓന്തിനെ പോലെ നിറം മാറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയശോഭ കുറക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി എസ്‌ഡിപിഐ ആരോപണം ഉന്നയിക്കുന്നത്. രാഹുൽ എസ്‌ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ല. അവർക്കൊപ്പമുള്ള ഫോട്ടോ ആർക്കുമെടുക്കാം. എസ്‌ഡിപിഐക്കൊപ്പം പിണറായി വിജയൻ നിൽക്കുന്ന ഫോട്ടോ ഉണ്ട്. വേണമെങ്കിൽ കാണിച്ചുതരാം.
എസ്‌ഡിപിഐയോടുള്ള കോൺഗ്രസ് നിലപാട് നേരത്തെ പറഞ്ഞതാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ കാര്യം പറഞ്ഞിരുന്നു. എന്നും രാവിലെ എഴുനേറ്റ് നിലപാട് പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് എൽഡിഎഫ് ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോയി. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം വിവാദങ്ങളുണ്ടാക്കിയെന്നും ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ പിണറായിക്കാണ് ദുഃഖമെന്നും വി ഡി സതീശൻ പറഞ്ഞു.