കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്‌ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് പിടിയിൽ. തൃശൂർ സ്വദേശി അബ്ദുൽ സനൂഫിനെ ചെന്നൈയിൽ നിന്നാണ് പോലീസ് പിടി കൂടിയത്. മലപ്പുറം വെട്ടത്തൂർ കാപ് പോതാക്കല്ല് സഫീന(33)യെ കോഴിക്കോട് സ്വകാര്യ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്‌ചയാണ് ഇരുവരും ചേർന്ന് മുറിയെടുത്തത്.
സനൂഫിനെതിരെ യുവതി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് പിന്നീട് പിൻവലിക്കുകയും ഇരുവരും നല്ല ബന്ധത്തിൽ തുടരുകയുമായിരുന്നു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ല.
യുവതിയെ കൊലപെടുത്തിയ പ്രതി ബെംഗളുരുവിലേക്ക് കടന്നു. ബെംഗളുരുവിൽ നിന്നും സുഹൃത്തുമായി ബന്ധപെടാൻ ശ്രമിച്ചിരുന്നതറിഞ്ഞ പോലീസ് ബെംഗളുരുവിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പ്രതിക്കെതിരെ കൊലകുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
നേരത്തെ അസ്വാഭാവിക മരണമായിരുന്നു പോലീസ് രെജിസ്റ്റർ ചെയ്തിരുന്നത്. സഫീനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണപെട്ടതെന്ന് സൂചനയുണ്ടായിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സഫീനയുടെ പിതാവ് ആവശ്യപ്പെട്ടു.