ജുബൈൽ: ജുബൈൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏഴ് ദിവസത്തെ ചിത്ര പ്രദർശനത്തിന് തുടക്കമായി. ജുബൈൽ റോയൽ കമ്മീഷനിലെ അൽ ഫാനാതീരിൽ നടക്കുന്ന പ്രദർശനം ശനിയാഴ്‌ച അവസാനിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ജുബൈൽ സാംസ്കാരിക വകുപ്പിന് കീഴിൽ സ്ഥാപിതമായ ഫൈൻ ആർട്‌സ് സൊസൈറ്റി സിഇഒ നാദിയ അൽ ഒതൈബിയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
മൂന്നു ഗാലറികളിലായാണ് നോളേജ് ആൻഡ് ക്രിയേറ്റിവിറ്റി സെന്റരിൽ പ്രദർശനം സജ്ജീകരിച്ചിട്ടുള്ളത്. ഒന്നാമത്തെ ഗാലറിയിൽ കുട്ടികളുടെ രചനകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. റിയാദിൽ നിന്നുള്ള ചിത്രകാരന്മാരുടെ രചനകളാണ് മുഖ്യമായും രണ്ടാമത്തെ ഗാലറിയിൽ ഉള്ളത്. ചിത്രങ്ങളുടെ വലിയ ശേഖരം തന്നെയാണ് ഇവിടെയുള്ളത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രഗൽഭരുടെ ചിത്രങ്ങളാണ് മൂന്നാമത്തെ ഗാലറിയിൽ ഒരുക്കിയിട്ടുള്ളത്.
ജുബൈൽ എംബസി സ്‌കൂളിലെ ചിത്ര കലാധ്യാപകനും സാമൂഹിക പ്രവർത്തകനുമായ എം സി സുനിൽകുമാറിന്റെ ‘ഈവനിംഗ് രാഗ’ എന്ന അക്രിലിക് ചിത്രവും പ്രദർശനത്തിനുണ്ട്. സ്‌കൂളിലെ ആറു കുട്ടികളുടെ സൃഷ്ടികൾ കൂടി പ്രദർശനത്തിനുണ്ട്. കുട്ടികൾക്ക് വരക്കാനുള്ള കാൻവാസുകളും പെയിന്റുകളും പ്രദർശന സ്ഥലത്തുണ്ട്. നാലു മുതൽ എട്ട് വരെ സന്ദർശർക്ക് പ്രവേശനം നൽകുന്നുണ്ട്.