ന്യൂഡൽഹി: അംബേദ്‌കറെ അപമാനിച്ചെന്ന കോൺഗ്രസിന്റെ ആരോപണം അമിത്ഷാ തള്ളി. തന്റെ വാക്കുകൾ കോൺഗ്രസ് വളച്ചൊടിക്കുകയായിരുന്നു. ലോക്‌സഭയിലെ ചർച്ചകളിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഞങ്ങൾ ഭരണഘടന അംഗീകരിക്കുന്ന പാർട്ടിയാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്തെ അപമാനിച്ചത് കോൺഗ്രസാണ്. അവരാണ് അംബേദ്‌കർ വിരോധ പാർട്ടിയെന്നും അമിത് ഷ പറഞ്ഞു.
പാർലമെന്റിനകത്തും പുറത്തും വ്യാജ ആരോപണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും നിയമപരമായി നടപടി സ്വീകരിക്കുന്നതിന് സാധ്യത തേടും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്റെ രാജി ആവശ്യപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നെങ്കിൽ അങ്ങിനെ ആവട്ടേയെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ ചൊവ്വാഴ്‌ച രാജ്യസഭയിൽ നടത്തിയ വിവാദ അംബേദ്‌കർ പരാമർശത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നപ്പോഴാണ് അദ്ദേഹം പത്ര സമ്മേളനം വിളിച്ചത്. വിവാദത്തിൽ അമിത്ഷായെ പ്രതിരോധിക്കാൻ മോദി നേരിട്ട് തന്നെ എത്തിയിരുന്നു.
അതെ സമയം അംബേദ്‌കറോട് മോദിക്ക് ബഹുമാനമുണ്ടെങ്കിൽ അമിത് ഷായെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്ന് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് മന്ത്രി സഭയിൽ തുടരാൻ ധാർമിക അവകാശമില്ല. അദ്ദേഹത്തെ പുറത്താക്കണം. അപ്പോൾ മാത്രമേ ആളുകൾ നിശബ്ദരാവൂ. ബാബാസാഹിബിന് വേണ്ടി ജീവൻ നൽകാൻ തയാറാണ് ജനങ്ങൾ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.