ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു. കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിലാണ് സാബുവിനെ സംസ്‌കരിച്ചത്.
സാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിപി വർഗീസ് പറഞ്ഞു. ഉത്തരവാദികൾ ആരായാലും നടപടിയെടുക്കും. പോലീസ് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കട്ടെ. സാബുവിനെ ഭീഷണിപ്പെടുത്തിയ മുൻ ഏരിയ സെക്രട്ടറി സജിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്‌തു.
സജി പ്രശ്‌നം പരിഹരിക്കാനാണ് നോക്കിയത്. സംസാരത്തിനിടയിലെ ഒരു വാക്ക് എടുത്ത് സിപിഎമ്മിനെ ആക്രമിക്കാൻ നോക്കേണ്ടെന്ന് വർഗീസ് പറഞ്ഞു. ഇത് പിന്നിൽ കോൺഗ്രസും ബിജെപിയുമാണ്.
പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. സജിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നീതി കിട്ടാൻ കുടുംബത്തോടൊപ്പം നിൽക്കുമെന്നും വർഗീസ് പറഞ്ഞു.