തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വമാണെന്ന് എഡിജിപി. ലോക്‌സഭ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. പൂരനാളിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂരം കലക്കൽ സംബന്ധിച്ച് പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. നിയമപരമായി സാധ്യമല്ലാത്ത പല കാര്യങ്ങളും ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിലടക്കം ഈ ആവശ്യങ്ങൾ ആവർത്തിച്ചു.
നിയമവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കാത്തതിനാൽ പൂരം അലങ്കോലപ്പെടുത്തണമെന്ന തീരുമാനം ദേവസ്വം നേരെത്തെ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഏത് രാഷ്ട്രീയപാർട്ടിയാണ് തെരെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇത് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിലില്ല. അതേസമയം ബിജെപിയുടെ ഒരു സംസഥാന വൈസ്പ്രസിഡൻറ്, ആർഎസ്എസിന്റെ സംസ്ഥാനത്തിന്റെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.