കോഴിക്കോട്: മലയാളത്തിന്റെ അക്ഷര കുലപതി എംടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സിതാരയിലേക്ക് സാംസ്‌കാരിക കേരളം ഒഴുകിയെത്തി. അടുത്ത ബന്ധുക്കളും സാംസ്‌കാരിക നായകരും ചലച്ചിത്ര പ്രവർത്തകരുമുൾപ്പടെ ആയിരങ്ങളാണ് കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, വിനീത്, സംവിധായകൻ ഹരിഹരൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ, കല്പറ്റ നാരായണൻ, അബ്ദുസമദ് സമദാനി എംപി തുടങ്ങിയവർ രാവിലെ നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു.
എംടിയോടുള്ള ആദരസൂചകമായി രണ്ടു ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭായോഗം ഉൾപ്പടെ എല്ലാ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. കെപിസിസിയും രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.