31.5 C
Saudi Arabia
Thursday, August 21, 2025
spot_img

മൻമോഹൻ സിംഗ് ഇന്ത്യയുടെ സാമ്പത്തിക ചാണക്യൻ: ദമ്മാം ഒ ഐ സി സി

ദമ്മാം: കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗവും, മുൻ പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ദമ്മാം ഒ ഐ സി സി അനുശോചനം രേഖപ്പെടുത്തി.സമാനതകൾ ഇല്ലാത്ത സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും കരുത്തിനും അടിസ്ഥാനമിട്ട സാമ്പത്തിക ചാണക്യനാണ് മൻമോഹൻ സിംഗ്.മതേതരത്വവും ജനാധിപത്യമൂല്യങ്ങളും ജീവശ്വാസമാക്കിയ നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരായ അടിസ്ഥാന വർഗത്തെ പുരോഗതിയിലേക്ക് കൊണ്ടുവരുന്നതിന് നിരവധി നിയമ നിർമാണങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായിട്ടുണ്ട്.

വിവരാകാശ നിയമത്തിലൂടെ ജനങ്ങളുടെ അറിയാനുളള അവകാശത്തെയായിരുന്നു മൻമോഹൻ സിംഗ് നിയമമാക്കിയത്. ഇത് പൊതുരം​ഗത്തുണ്ടാക്കിയ സുതാര്യത ചെറുതായിരുന്നില്ല. വിവരാവകാശം നിയമം 2005ൽ പ്രാബല്യത്തിൽ വന്നതോടെ സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടെയും വിവരങ്ങൾ മറച്ചുവയ്ക്കാൻ അധികാരികൾക്ക് സാധിക്കാതെയായി. ഇതോടെ സർക്കാരുകൾക്ക് നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണ പൗരനും ലഭിച്ചു.

രാജ്യത്ത് ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മൻമോഹൻ സിം​ഗായിരുന്നു. ഇതുകൂടാതെ ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുളള നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട് തുടങ്ങിയവയും അദ്ദേഹം നടപ്പിലാക്കി. ലോക്പാൽ, ലോകായുക്ത ആക്ട് തുടങ്ങിയ നിയമങ്ങളും നടപ്പിലാക്കിയത് മൻമോഹൻ സിംഗിന്റെ ഭരണകാലത്തായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സമൂഹത്തിൻറെ അടിത്തട്ടിൽ ഉള്ളവർക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹം ഭരണത്തിലിരുന്നപ്പോഴായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കാനും അദ്ദേഹം പ്രവർത്തിച്ചു.

അധികാരത്തിൻറ കരുത്തും ഇരുമ്പുമറയും ഒരിക്കലും ജനാധിപത്യ അവകാശങ്ങൾക്കു മേൽ കടന്നുകയറരുതെന്ന് വിശ്വസിച്ചിരുന്ന കോൺഗ്രസുകാരനായ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻസിങ്. മാധ്യമങ്ങൾ ജനാധിപത്യത്തിൻറെ നാലാം തൂണാണെന്ന് അദ്ദേഹം വിശ്വസിച്ചു. വിദേശ യാത്രകളിൽ രാജ്യത്തെ പ്രധാന മാധ്യമ പ്രതിനിധികളെയും കൂടെ കൂട്ടുകയെന്ന ശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. വ്യവസായിക പ്രധാനികൾ ഒരിക്കലും അദ്ദേഹത്തിൻറ്റെ ഒപ്പമുണ്ടായിരുന്നില്ല. ഈ കാര്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശൈലിയാണ് മൻമോഹൻ സിങ്ങും സ്വീകരിച്ചത്.

മാധ്യമങ്ങള്‍ക്ക് മുന്നിലാകട്ടെ, പാര്‍ലമെന്റിനുള്ളിലാകട്ടെ, രാജ്യാന്തരവേദികളിലാകട്ടെ, ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിംഗ് മുഖം തിരിച്ചിരുന്നില്ല, ഒളിച്ചോടിയിരുന്നില്ല. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താസമ്മേളനങ്ങളി ലാണ് അദ്ദേഹം പങ്കെടുത്തത്. അതില്‍ 72 എണ്ണം വിദേശസന്ദര്‍ശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തെരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ബന്ധപ്പെട്ടായിരുന്നു.
ഈ വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുകളുണ്ടായിരുന്നില്ലെന്നും നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളെ പാടുള്ളു എന്ന നിബന്ധനയുണ്ടായിരുന്നില്ലെന്നും യാഥാർത്യമാണ്.

യഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ, പ്രത്യേക അജണ്ഡയുടെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ അതിലൊന്നും ശ്രദ്ധകൊടുക്കാതെ നാടിൻറെ അടിസ്ഥാന വികസന കാര്യങ്ങളിലാണ് അദ്ദേഹം അന്ന് വ്യാപൃതനായത്. അന്ന്
മൗനി ബാബയെന്ന് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാധ്യമങ്ങളും നിരന്തരം കളിയാക്കിയ സമയങ്ങളിൽ‍ ചരിത്രം തന്നോട് ദയ കാണിക്കുമെന്ന് മാത്രമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മറുപടി. ഇന്ന് അദ്ദേഹം ലോകത്തില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ദയയോടെയല്ല, തികഞ്ഞ അഭിമാനത്തോടെ ചെറുതല്ലാത്ത നഷ്ടബോധത്തോടെയാണ് ഇന്ത്യൻ സമൂഹം ഡോ.മന്‍മോഹന്‍ സിങിനെ ഓര്‍മിക്കുന്നത്. 2014ൽ പ്രധാനമന്ത്രിയായി മൻമോഹൻ സിങ് പടിയിറങ്ങിയപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിൻറ സുതാര്യതയും അവകാശങ്ങളുമാണ് നഷ്ടമായതെന്ന് ഇന്നിൻറെ ഇന്ത്യയുടെ അവസ്ഥയിൽ വ്യക്തമാകുന്നതെന്ന്
ഒ ഐ സി സി നാഷണൽ പ്രസിഡൻറ്റ് ബിജു കല്ലുമല, റീജ്യണൽ പ്രസിഡൻറ്റ് ഇ കെ സലിം, റീജ്യണൽ സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജ്യണൽ ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കിഴക്കൻ പ്രവിശ്യയിലെ പൊതു സമൂഹത്തെ ഉൾപ്പെടുത്തി മൻമോഹൻ സിംഗ് അനുശോചന യോഗം 29.12.2024 ഞായറാഴ്ച വൈകിട്ട് 7: 00 മണിക്ക് ദമ്മാം ബദ്ർ അൽറാബി ആഡിറ്റോറിയത്തിൽ വെച്ച് റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ഇ കെ സലിം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles