തിരുവനന്തപുരം: കേരള ഗവർണറായി ജേന്ദ്ര വിശ്വനാഥ് ആൽക്കെ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകർ ജംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചടങ്ങിൽ സംബന്ധിച്ചു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
സജീവ ആർഎസ്എസ് ബിജെപി പ്രവർത്തകനായ ആൽക്കെ പ്രധാനമന്ത്രി മോദിയുമായും കേന്ദ്ര നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ആർഎസ്എസിലൂടെയാണ് ആൽക്കെ രാഷ്ട്രീയത്തിൽ എത്തുന്നത്. നേരത്തെ ഗോവയിൽ സ്‌പീക്കറായും വനം വകുപ്പ് മന്ത്രിയായും ചുമതല നിർവഹിച്ചിട്ടുണ്ട്. ബീഹാർ ഗവർണറായിരിക്കെയാണ് കേരളത്തിന്റെ ചുമതല ലഭിക്കുന്നത്. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബീഹാറിൽ ഗവർണറുടെ ചുമതലയേൽക്കും.
കേരള സർക്കാരും ഗവർണർ ആരിഫ് മുഹാമ്മദ്ഖാനും തമ്മിലുള്ള തർക്കം പാരമ്യതയിൽ എത്തി നിൽക്കുന്ന സമയത്താണ് ഈ മാറ്റം. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വിസി നിയമനവുമായി ബന്ധപെട്ട് സർക്കാരുമായുള്ള തർക്കം കോടതി ഇടപെടലുകളിലേക്ക് വരെ എത്തി നിൽക്കുകയാണ്. സമാനമായ വിഷയങ്ങളിൽ ബീഹാർ സർക്കാരും ആൽക്കെയും തമ്മിലും വിഷയങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനോടുള്ള ആൽക്കെയുടെ സമീപനങ്ങൾ എങ്ങിനെ ആയിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.



