ജിദ്ദ: 2025 ലെ ഹജ്ജ് കരാർ ഉൾപ്പടെ വിവിധ ദൗത്യങ്ങളുമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു റിയാദിലെത്തി. ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ കേന്ദ്രമന്ത്രിയെ വിമാനതാവളത്തിൽ സ്വീകരിച്ചു. അഞ്ചു ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി സൗദിയിലെത്തിയത്. സൗദി ഹജ്ജ് വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി 2025ലെ ഇന്ത്യ സൗദി ഹജ്ജ് കരാർ പുതുക്കും. ഹജ്ജ് മന്ത്രിയുമായി തിങ്കളാഴ്ചയാണ് കൂടിക്കാഴ്‌ച നിശ്ചയിച്ചിട്ടുള്ളത്.
നിലവിലുള്ള ക്വോട്ടയെക്കാൾ പതിനായിരം അധിക ക്വോട്ട ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. 1,75,025 ആണ് നിലവിലെ ഇന്ത്യയിൽ നിന്നും ഹജ്ജ് തീർഥാടകർക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കും സർക്കാർ ഹാജിമാരെ വീതിച്ചു നൽകുന്നത്. ഹജ് തീർത്ഥാടകർക്കുള്ള മറ്റു സൗകര്യങ്ങൾ സംബന്ധിച്ചും സൗദി ഗതാഗത മന്ത്രിയുൾപ്പടെയുള്ളവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്ന ഹജ്ജ് ടെർമിനലിൽ സജ്‌ജീകരിക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ കേന്ദ്രമന്ത്രി സന്ദർശിക്കും. സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും മക്ക മേഖല ഗവർണറും സൽമാൻ രാജാവിന്റെ ഉപദേശകനുമായ അമീർ ഖാലിദ് അൽ ഫൈസൽ, മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ എന്നിവരുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്‌ച നടത്തും.