മലപ്പുറം: പിവി അൻവർ നാളെ രാവിലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചു. വാർത്താ സമ്മേളനത്തിൽ നിർണ്ണായക പ്രഖ്യാപനം ഉണ്ടാവുമെന്ന് അറിയുന്നു. എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. അൻവർ കൊൽക്കത്തയിൽ നിന്നും ഫേസ് ബൂക്കിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കു വെച്ചത്.
നാളത്തെ പത്രസമ്മേളനം എൽഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടു കൊണ്ടായിരിക്കും അൻവറിന്റെ പുതിയ നീക്കങ്ങൾ. കഴിഞ്ഞ ദിവസമാണ് അൻവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കൈകോർത്തത്. ഇതുവരെ അൻവർ പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പാർട്ടിയുടെ കേരള കോർഡിനേറ്ററായി വർക്ക് ചെയ്യുമെന്നാണ് അറിയുന്നത്.
നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. തുടർന്ന് യുഡിഎഫിൽ അൻവർ ചേർന്നേക്കുമെന്ന പ്രചാരണവും നടന്നിരുന്നു. അതിനിടയിലാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടുന്നതും സഹകരണം തേടുന്നതും. മമതാ ബാനർജിയുമായി അൻവർ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്‌തിരുന്നു. തുടർന്നാണ് പുതിയ നീക്കങ്ങളുമായി നാളെ പത്ര സമ്മേളനം വിളിച്ചിരിക്കുന്നത്.