ന്യൂഡൽഹി: 2025 ലെ മഹാ കുംഭമേള നടക്കുന്നതിനിടയിൽ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ, ആപ്പിൾ സഹസ്ഥാപകനായിരുന്ന സ്റ്റീവ് ജോബിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് സന്ദർശനം നടത്തി. എന്നാൽ ശ്രീകോവിലിനുള്ളിലെ ശിവലിംഗത്തിൽ തൊടാൻ അവരെ അനുവദിച്ചില്ല.
പിന്നീട് ഇതിൻറെ കാരണം വിശദീകരിച്ചു നിരഞ്ജിനി അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വരനായ ആത്മീയ നേതാവ് സ്വാമി കൈലാസാനന്ദ് ഗിരി രംഗത്തെത്തി. “അവൾ വളരെ മതവിശ്വാസിയും ആത്മീയതയുള്ളവരുമാണ് . അവൾ എന്റെ മകളാണ്. പക്ഷേ ഒരു ഹിന്ദുവിന് ഒഴികെ മറ്റാർക്കും കാശി വിശ്വനാഥനെ തൊടാൻ കഴിയില്ല എന്ന ഒരു പാരമ്പര്യമുണ്ട്. ഞാൻ ഈ പാരമ്പര്യം പാലിച്ചില്ലെങ്കിൽ അത് തകർക്കപ്പെടും” കൈലാസാനന്ദ് ഗിരി പറഞ്ഞു. മഹർഷി വ്യാസാനന്ദയും അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ‘അഭിഷേകം’ നടത്തി ആരാധിച്ചു. അവർക്ക് പ്രസാദവും മാലയും നൽകി,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 15 വരെ നിരഞ്ജിനി അഖാര ക്യാമ്പിൽ താമസിക്കാൻ പദ്ധതിയുള്ള പവൽ ജോബ്‌സിന് ഗംഗാ നദിയിൽ സ്‌നാനം ചെയ്യാനും ആഗ്രഹമുണ്ട്. അവരുടെ ആത്മീയ ഇടപെടലിനെ പ്രതീകപ്പെടുത്തിക്കൊണ്ട് കൈലാസാനന്ദ് ഗിരി അവർക്ക് ‘കമല’ എന്ന ഹിന്ദു നാമം നൽകി ആദരിച്ചു. സൽവാർ സ്യൂട്ട് ധരിച്ച്, കാഹളം മുഴക്കി അവരെ ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു, പരമ്പരാഗത കുൽഹാദിൽ ചായയും വിളമ്പി.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാ കുംഭമേളയിൽ 45 കോടി തീർത്ഥാടകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാന സ്നാന ചടങ്ങുകൾ (പവിത്ര സ്നാൻ) ജനുവരി 14 (മകരസംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) തീയതികളിൽ നടക്കും.