റിയാദ്: കേളി കലാ സാംസ്കാരിക വേദി വിഭാവനം ചെയ്ത റെഡ് സ്റ്റാർ ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ചെയ്തു. മലാസിലെ ഡ്യൂൺ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി റിയാസ് പുല്ലാട്ട്, പ്രസിഡന്റ് സുഭാഷ്, ട്രഷറർ സതീഷ് കുമാർ, ക്ലബ്ബ് മാനേജർ ഷറഫുദ്ദീൻ എന്നിവർക്ക് പ്രായോജകരായ സ്കൈഫയർ എം.ഡി കാഹിം ചേളാരി ജേഴ്സി കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി സുരേഷ് കണ്ണപുരം ക്ലബ്ബിനെക്കുറിച്ച് വിശദീകരിച്ചു. കേളി കലാ സാംസ്കാരിക വേദിക്കുവേണ്ടി കേളിസ്പോർട്സ് വിഭാഗം കേളി അംഗങ്ങളിൽ നിന്നും മികച്ച ഫുട്ബാൾ താരങ്ങളെ കണ്ടെത്തി രൂപീകരിച്ച റെഡ് സ്റ്റാർ ടീം കഴിഞ്ഞ 8 വർഷമായി പ്രവർത്തിച്ചതിനു ശേഷം 2022 – ൽ ക്ലബ്ബ് ആയി മാറ്റുകയായിരുന്നു.
നിലവിൽ റെഡ് സ്റ്റാർ ക്ലബ്ബ് വിവിധ പ്രവശ്യകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച് വരുന്നു. റിയാദിലെ റിഫയ്ക്ക് കീഴിൽ വരുന്ന എല്ലാ അമച്വർ ക്ലബ്ബുകളുമായി മാറ്റുരക്കുന്ന തരത്തിൽ മികച്ച ക്ലബ്ബാക്കി മാറ്റുവാൻ സാധിക്കുമെന്ന ആത്മവിശ്വാസം ടീം മാനേജർ പ്രകടിപ്പിച്ചു. ടീമിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കി നൽകാൻ ഏതവസരത്തിലും സന്നദ്ധമാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രായോജകരായ സ്കൈഫയർ എം ഡി അഭിപ്രായപ്പെട്ടു. ചടങ്ങിൽ കേളി രക്ഷാധികാരി കമ്മറ്റി കൺവീനർ കെ പി എം സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, കേളിദിനം 2025 സംഘാടക സമിതി കൽവീനർ റഫീക്ക് ചാലിയം എന്നിവർ സന്നിഹിതരായിരുന്നു.