മലപ്പുറം: കൊണ്ടോട്ടിയിൽ 19 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസിനെ(19)യാണ് ആത്മഹത്യ നിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ നിറത്തിന്റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കൊണ്ടോട്ടി ഗവണ്മെന്റ് കോളേജിൽ ബിരുദ വിദ്യാർഥിയായ ഷഹാനയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന. ചൊവ്വാഴ്‌ച രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് 10 മണിയോടെ വീട്ടുകാർ വാതിൽ പൊളിച്ചു അകത്തു കടക്കുകയായിരുന്നു. ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനമാണ് യുവതിയെ ഇങ്ങിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.