ജിദ്ദ: കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു ജിദ്ദയിൽ നടന്ന ഹജ് സമ്മേളനത്തിൽ പങ്കെടുത്തു. തിങ്കളാഴ്‌ച നടന്ന ഉത്ഘാടന സെഷനിലാണ് മന്ത്രി പങ്കെടുത്തത്. ജിദ്ദ സൂപ്പർ ഡോമിലാണ് ഹജ്ജ്, ഉംറ, സമ്മേളന പ്രദർശന ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.
തിങ്കളാഴ്‌ച വൈകീട്ട് ഇന്ത്യ-സൗദി ഹജ്ജ് കരാർ ഒപ്പുവെച്ച ശേഷം സൗദി ഹജ്ജ്‌വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയോടൊന്നിച്ചാണ് കേന്ദ്ര മന്ത്രിയും സംഘവും സമ്മേളനത്തിനെത്തിയത്. തുടർന്ന് ഹറമൈൻ ട്രെയിൻ വഴി മന്ത്രിയും സംഘവും മദീനയിലെത്തുകയും ഹജ്ജ് മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും ചെയ്‌തു. ഹജ്ജ് ടെർമിനൽ, മസ്‌ജിദ് നബവി പരിസരം, മറ്റു പുണ്യ സ്ഥലങ്ങൾ മന്ത്രിയും സംഘവും സന്ദർശിച്ചു.
ഇന്ന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാനുമായി മന്ത്രി കൂടിക്കാഴ്‌ച നടത്തും. അഞ്ചു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മന്ത്രി ഇന്ന് ഡൽഹിയിലേക്ക് മടങ്ങും.