30.6 C
Saudi Arabia
Sunday, August 24, 2025
spot_img

പിഴയടക്കാവാതെ ജയിലിൽ കഴിയുന്നവരുടെ മോചനത്തതിന് മുൻകൈ എടുക്കും; എൻ. ആർ. കെ ഫോറം

റിയാദ്: ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളിൽ പെട്ട് പിഴയടക്കാൻ പണമില്ലാതെ ദീർഘകാലമായി സൗദി ജയിലുകളിൽ കഴിയുന്നവരെ ജയിൽ മോചിതരാക്കാൻ വേണ്ടി എൻ. ആർ. കെ. ഫോറം മുൻകൈ പ്രവർത്തനം നടത്തുമെന്ന് റിയാദിലെ മുഖ്യധാരാ പ്രവാസി സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയായ എൻ. ആർ. കെ. ഫോറം ഭാരവാഹികൾ പറഞ്ഞു.

റിയാദ് ഡി പാലസ് ഹോട്ടലിൽ ചേർന്ന പുന:സംഘടിപ്പിക്കപ്പെട്ട എൻ. ആർ. കെ ഫോറത്തിന്റെ പ്രവർത്തനോൽഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ധന:സമാഹാരത്തിനായി ബിരിയാണി ചലഞ്ച്, കേരളോത്സവം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും, ഇതിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും യോഗത്തിൽ അധ്യക്ഷനായിരുന്ന ചെയർമാൻ സി. പി. മുസ്തഫ പറഞ്ഞു.

എൻ. ആർ. കെ ഫോറത്തിന്റെ പ്രഥമ ചെയർമാൻ ആയിരുന്ന ഐ. പി. ഉസ്മാൻ കോയ ഔപചാരികമായി പുന:സംഘടിപ്പിക്കപ്പെട്ട എൻ. ആർ. കെ. ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ചടങ്ങിൽ ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതം പറഞ്ഞു.

എൻ. ആർ. കെ. ഫോറത്തിന്റെ മുൻ ചെയർമാൻ അയ്യൂബ് ഖാൻ വിഴിഞ്ഞം, ലോക കേരള സഭ അംഗങ്ങളായ കെ. പി. എം. സാദിഖ്, ഇബ്രാഹിം സുബ്ഹാൻ, പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട്, റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, സത്താർ താമരത്ത് (കെ. എം. സി. സി), സുരേഷ് കണ്ണപുരം (കേളി), അബ്ദുള്ള വലഞ്ചിറ, ബാലു കുട്ടൻ (ഒ. ഐ. സി. സി) തുടങ്ങിയവർ എൻ. ആർ. കെ ഫോറത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

ഇന്ത്യൻ എംബസി വെൽഫെയർ ഉദ്യോഗസ്ഥനായി വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് കാക്കഞ്ചേരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സിദ്ധിഖ്‌ തുവ്വൂർ യൂസഫ് കാക്കഞ്ചേരി മലയാളി സമൂഹത്തിന് നൽകിയ സേവനങ്ങൾ അനുസ്മരിച്ച് സംസാരിച്ചു.

എൻ. ആർ. കെ ഫോറത്തിന് വേണ്ടി ഭാരവാഹികളായ സി. പി. മുസ്തഫ, സുരേന്ദ്രൻ കൂട്ടായി, യഹ്യ കൊടുങ്ങല്ലൂർ തുടങ്ങിയവർ ചേർന്ന് യൂസഫ് കാക്കഞ്ചേരിക്ക് മെമെന്റോ നൽകി ആദരിച്ചു. കേളി കലാസംസ്കാരിക വേദിക്ക് വേണ്ടി സെക്രട്ടറി സുരേഷ് കണ്ണപുരവും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് മെമെന്റോ നൽകി, ഫ്രണ്ട്‌സ് ഓഫ് കേരളക്ക് വേണ്ടി ഗഫൂർ കൊയിലാണ്ടിയും, പയ്യന്നൂർ സൗഹൃദ വേദിക്ക് വേണ്ടി സനൂപ് പയ്യന്നൂരും പൊന്നാട അണിയിച്ചു.

മുഖ്യധാരാ സംഘടനകൾ ഒരുമിച്ച് നിന്നാൽ റിയാദിലെ മലയാളി സമൂഹത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനാവും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നും, ഇനിയും കൂടുതൽ ഒരുമയോടെ പ്രവർത്തിച്ചു മലയാളി സമൂഹത്തിന് കൂടുതൽ സഹായകരമായ രീതിയിൽ പ്രവർത്തിക്കാൻ മലയാളി സംഘടനകളുടെ പൊതു വേദിയായ എൻ. ആർ. കെ. ഫോറത്തിന് കഴിയട്ടെ എന്നും തനിക്ക് നൽകിയ ഊഷ്മളമായ യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട് യൂസഫ് കാക്കഞ്ചേരി പറഞ്ഞു.

എൻ. ആർ. കെ. ഫോറത്തിന്റെ പുതിയ ലോഗോ ചടങ്ങിൽ ഭാരവാഹികളും മുൻ ഭാരവാഹികളും ചേർന്ന് പ്രകാശനം ചെയ്തു. ആക്റ്റിംഗ് ട്രഷറർ യഹ്‌യ കൊടുങ്ങല്ലൂർ ചടങ്ങിൽ നന്ദി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles