ദുബൈ: സ്‌കൂൾ വിദ്യാർഥികൾക്കായി ആദ്യ എഐ റോബോട്ടിക് ഓപൺ മൽസരം ദുബൈ യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ചു. എമിറേറ്റ്സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റിയും റോബോട്ടിക്‌സ് ഓട്ടോമാറ്റിക് സൊസൈറ്റിയും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
വിദ്യാർഥികളിലെ സർഗ്ഗാത്മകത ഉണർത്തുക, നവീകരണത്തിന് പ്രചോദനം നൽകുക, വിദ്യാർഥികളിൽ ജിജ്ഞാസ വളർത്തുക തുടങ്ങിയവയാണ് മത്സരങ്ങളുടെ ലക്ഷ്യം. ഡിസ്‌നി കമ്പനിയുടെ ധന സഹായത്തോടെ റോബോട്ടിക് ആൻഡ് ആട്ടോമേഷൻ സൊസൈറ്റി (റാസ്) ദുബായ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
ഇത്തരം വിപ്ലവകരമായ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇസേഫ് ചെയർമാൻ ഡോ.അബ്ദുല്ല മുഹമ്മദ് അൽ മെഹ്യാസ് പറഞ്ഞു. നിർമിത ബുദ്ധിയിൽ വിദ്യാർഥികളെ ശക്തരാക്കുന്ന രാഷ്ടമായി യുഎഇ യെ മാറ്റുക എന്ന രാജ്യത്തിൻറെ കാഴ്‌ചപ്പാടിന് അർഥവത്തായ സംഭാവന നൽകാൻ ‘സ്റ്റോഗോകോംപ് കാരണമായിത്തീരുമെന്ന് അദ്ധേഹം പ്രത്യാശ പ്രകടിപ്പിച്ചു.