തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച പോലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി. 34 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തത്. സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു അനന്തകൃഷ്ണൻറെ പണമിടപാടുകൾ. 34,000 ആയിരം ആളുകൾ തട്ടിപ്പിനിരയായ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും എംഎൽഎമാരും ജനപ്രതിനിധികളുൾപ്പടെ നിരവധി ഉന്നതന്മാർ സംശയത്തിന്റെ നിയലിലാണ്.
ആനന്ദകുമാറിന്റെ നിർദ്ദേശപ്രകാരം കോടികൾ കൈമാറിയെന്ന് അനന്തകൃഷ്‌ണൻ മൊഴി നൽകിയിട്ടുണ്ട്. തട്ടിപ്പിന്റെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വൈകാതെ പോലീസ് ആന്ദകുമാറിനെ ചോദ്യം ചെയ്യുമെന്നറിയുന്നു.
തട്ടിപ്പ് തടന്ന സ്ഥലങ്ങളിലെല്ലാം രാഷ്ട്രീയ പാർട്ടി നേതാക്കൾ പണം വാങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒരു എംഎൽഎ ഏഴു ലക്ഷം രൂപ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി 25 ലക്ഷം രൂപ, കോട്ടയം എംപി ഫ്രാൻസിസ് ജോർജ് 10 ലക്ഷം രൂപ, മൂവാറ്റുപുഴയിലെ ഒരു കോൺഗ്രസ് നേതാവിന് അഞ്ച് ലക്ഷം രൂപ വായ്പ നൽകിയതായും മൊഴി നൽകിയിട്ടുണ്ട്.
മാത്യു കുഴൽനാടന് പണം നൽകിയെന്ന വാർത്ത അദ്ദേഹം നിഷേധിക്കുകയും ചെയ്‌തു. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി വി വർഗീസും തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചിട്ടുണ്ട്.