മലപ്പുറം: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ നൽകിയ പരാതി പിൻവലിച്ചു. ലാപ്‌ടോപിന് വേണ്ടി നൽകിയ 21,000 രൂപ മുദ്ര ഫൗണ്ടേഷൻ തിരികെ നൽകിയതിനാലാണ് പരാതി പിൻ വലിക്കുന്നതെന്ന് പരാതിക്കാരി പറഞ്ഞു.
തുടർ നടപടികൾക്ക് താൽപര്യമില്ലെന്ന് പരാതിക്കാരി പോലീസിനെ അറിയിച്ചു. ഫെബ്രുവരി ഏഴാം തിയ്യതിയാണ് പുലാമന്തോൾ സ്വദേശി എംഎൽഎക്കെതിരെ പരാതി നൽകിയത്. തുടർന്ന് നജീബിനെതിരെ പെരിന്തൽമണ്ണ പോലീസ് കേസടുക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ്, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്തായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പരാതി പിൻവലിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് പെരിന്തൽമണ്ണ പോലീസ് മലപ്പുറം ജില്ലാ മേധാവിയോട് ഉപദേശം തേടിയിട്ടുണ്ട്.