റിയാദ്: അവധിക്ക് നാട്ടിൽ പോകുന്നതിനായി എയർപോർട്ടിൽ എത്തി, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യാത്ര മുടങ്ങിയ പ്രവാസി ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസാണ് തുര് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്. 13 വർഷമായി റിയാദിൽ നിർമാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ പോകുന്നതിനായാണ് റിയാദ് എയർപോർട്ടിൽ എത്തിയത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ തളർച്ച അനുഭവ പെടുകയും, അസ്വാഭാവികത തോന്നിയ എയർപോർട്ട് അധികൃതർ ജോസിനെ മാറ്റി നിർത്തുകയുമായിരുന്നു.
വിമാനത്താവളത്തിൽ നിന്നും ലഭിച്ച നിർദേശപ്രകാരം കേളി പ്രവർത്തകനായ മോഹൻദാസ് ജോസിനെ സുമേഷി ആശുപത്രിയിൽ എത്തിക്കുവാനുള്ള സംവിധനവും ചെയ്തു. ആശുപത്രിയിൽ വെച്ച് രക്തസമ്മർദ്ദം വർദ്ധിക്കുകയും ജോസിൻ്റെ ഒരു വശം തളർന്നു പോവുകയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌ത ജോസിനെ കാണാൻ യുകെയിൽ പഠിക്കുന്ന മകൻ സാനു ജോസ് റിയാദിൽ എത്തിയിരുന്നു. 40 ദിവസത്തെ ചികിത്സക്ക് ശേഷം വീൽചെയർ സഹായത്തോടെ യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് മാറി.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവുകയും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. .മടക്കയാത്രയിൽ പിതാവിനൊപ്പം അനുഗമിക്കാൻ മകൻ സാനു യുകെയിൽ നിന്നും എത്തി. ജോസിനുള്ള ടിക്കറ്റ് കേളി നൽകി. ബത്ത ഏരിയ കമ്മറ്റി അംഗം മോഹൻദാസ്, ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, ജീവകാരുണ്യ കമ്മറ്റി അംഗം എബി വർഗീസ് മറ്റ് കേളിയുടെ പ്രവർത്തകരും ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നു.



