കോട്ടയം: മുൻ എംഎൽഎയും ബിജെപി നേതാവുമായ പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് നീക്കം. മുസ്‌ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പോലീസ് അറസ്റ്റിനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ തുടർന്നാണ് ഡിജിപിയുടെ നിർദേശം.
മുസ്‌ലിം ലീഗ് നൽകിയ പരാതിയെ തുടർന്നാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ജോർജിനെതിരെ പോലീസ് കേസെടുത്തത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയും ജില്ലാ കോടതിയും അപേക്ഷ തള്ളുകയായിരുന്നു.
നിരന്തരമായി ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജോർജിന് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിലാണ് മുസ്‌ലിംകൾക്കെതിരെ ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് പരാതി നൽകുകയായിരുന്നു.