റിയാദ്: വ്യാജ മെഡിക്കൽ അവധി എടുക്കുന്നതിനെതിരെ സൗദി ആരോഗ്യ മന്ത്രാലയത്തന്റെ മുന്നറിയിപ്പ്. തെറ്റായ മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നത് ഒരു വർഷം വരെ തടവും 100,000 സൗദി റിയാൽ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മേഖലയിലെ സാങ്കേതിക വിദ്യ ശക്തിപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. അനധികൃത മാർഗങ്ങളിലൂടെ അസുഖ അവധി നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി. അത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും കർശനമായ ശിക്ഷകൾക്ക് വിധേയമാണെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തത്തെക്കുറിച്ചും പ്രസ്തവാനയിൽ ഓർമപ്പെടുത്തി. ആളുകളുടെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി യഥാർത്ഥത്തിൽ അസുഖ അവധി ആവശ്യമുള്ളവർക്ക് മാത്രം അസുഖ അവധി അനുവദിക്കുക. രാജ്യത്ത് അസുഖ അവധി ലഭിക്കുന്നതിനുള്ള ഏക നിയമപരമായ മാർഗ്ഗമായ “സെഹ്ഹാത്തി” പ്ലാറ്റ്‌ഫോം മെഡിക്കൽ റിപ്പോർട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുമെന്നും പ്രസ്തവാനയിൽ പറയുന്നുണ്ട്.
തട്ടിപ്പിനെ ചെറുക്കുന്നതിനും രോഗികളുടെ ആരോഗ്യ രേഖകളുമായി മെഡിക്കൽ റിപ്പോർട്ടുകൾ ക്രോസ്-ചെക്ക് ചെയ്യുന്നതിനുമായി ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനം മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. ഇത് വഴി അസുഖ അവധി പരിശോധന മെച്ചപ്പെടുത്തുകയും സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും വ്യാജ അസുഖ അവധി സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളിൽ ഏർപ്പെടുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളുടെ സമഗ്രത നിലനിർത്തുന്നതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.