കാലിഫോർണിയ: ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന ബഹിരാകാശ യാത്രിക സുനിതാ വില്യംസിൻറെയും ബുച് വിൽമോറിൻറെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തിയ്യതി പ്രഖ്യാപിച്ചു നാസ. മാർച്ച് 17 തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.30 നായിരിക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പുറപ്പെടുക. കാലാവസ്ഥക്കനുസരിച്ചു സമയ ക്രമീകരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും നാസ അറിയിച്ചു.
2024 ജൂൺ അഞ്ചിനാണ് സുനിതാ വില്യംസും ബുച് വിൽമോറും ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർ ലൈനറിന്റെ പ്രൊപൽഷൽ സംവിധാനത്തിലെ തകരാറും ഹീലിയം ചോർച്ചയും കാരണം ഇരുവർക്കും ഭൂമിയിലേക്ക് മടങ്ങാനായില്ല. എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് പുറപ്പെട്ട സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാൻ നാസ പല തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അവസാനം ആളില്ലാതെ സ്റ്റാർ ലൈനറിനെ നാസയും ബോയിങ്ങും ചേർന്ന് മെക്സിക്കോയിൽ ഇറക്കുകയായിരുന്നു. 2024 സെപ്റ്റംബർ ഏഴിനാണ് സ്റ്റാർ ലാനേ മെക്സിക്കോയിൽ ലാൻഡ് ചെയ്‌തത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വനിതയെന്ന ഗിന്നസ് റെക്കോർഡും സുനിത ഇതിനകം സ്വന്തമാക്കി.
സാങ്കേതിക കാരണങ്ങളാൽ ഇന്ന് പുലർച്ചെ മാറ്റിവെച്ച സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചു. ക്രൂ 10 ദൗത്യ സംഘത്തിന്റെ ഭാഗമായി നാലുപേരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഈ പേടകത്തിലാണ് സുനിതാ വില്യംസും ബുച് വിൽമോറും മടങ്ങുന്നത്.



